പാക്കിസ്ഥാനെതിരെ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച രണ്ടു ബാറ്റർമാരാണ് ഹർദിക് പാണ്ട്യയും വിരാട് കോഹ്ലിയും. കോഹ്ലി ഒരുവശത്തു നിറഞ്ഞാടിയപ്പോൾ മറുവശത്ത് ഹർദിക് പാണ്ട്യയുടെ പിന്തുണ എടുത്തുപറയേണ്ടത് തന്നെയായിരുന്നു. മത്സരശേഷം കോഹ്ലി, തനിക്ക് പാണ്ട്യ നൽകിയ പിന്തുണയെ പറ്റി സംസാരിക്കുകയുമുണ്ടായി. പാണ്ട്യയുടെ ഈ പ്രചോദനവാക്കുകൾ ഇന്ത്യയുടെ വിജയത്തിൽ ഒരു പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് പറയുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഹോഗ് ഇക്കാര്യം സംസാരിച്ചത്. “വിരാട് കോഹ്ലിയുടെ വലിയ സമ്മർദ്ദങ്ങൾ ഇല്ലായ്മ ചെയ്തത് ഹർദിക് പാണ്ട്യയായിരുന്നു. അയാൾ കൃത്യമായി ബൗണ്ടറികൾ കണ്ടെത്തി. മാത്രമല്ല അയാളുടെ മാനസികാവസ്ഥയും കളിയിൽ പ്രധാനഘടകമായി. അയാൾ എപ്പോഴും കോഹ്ലിയുടെ അടുത്ത് ചെന്ന് നമുക്കിത് സാധിക്കുമെന്ന് പറയുന്നുണ്ടായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ ഇന്ത്യൻ ടീമിന്റെ ഭാവി നായകനാകാൻ ഹാർദിക്കിന് സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. അയാൾ വളരെ നിർണായകമായ ഒരു കളിക്കാരനുമാണ്.”- ഹോഗ് പറയുന്നു.
ഇതോടൊപ്പം വിരാട് കോഹ്ലിയുടെ 19ആം ഓവറിലെ അഞ്ചാം ബോളിലെ സിക്സറിനെപ്പറ്റിയും ഹോഗ് വാചാലനായി. “ആ അഞ്ചാം പന്തിലെ സിക്സ് അത്ഭുതപ്പെടുത്തി. ആ രീതിയിൽ വന്ന ബോൾ കോഹ്ലി സ്ട്രൈറ്റ് എങ്ങനെ സിക്സർ പറത്തി എന്നത് അത്ഭുതം തന്നെയാണ്. ഇതിലും മികച്ച ഒരു ക്രിക്കറ്റ് ഷോട്ട് ഞാൻ കണ്ടിട്ടുണ്ട് എന്നെനിക്ക് തോന്നുന്നില്ല. ആ ഷോട്ട് മത്സരത്തിൽ റാഫിന്റെ താളം തെറ്റിച്ചു. അതിന്റെ പ്രതിഫലനമായിരുന്നു അടുത്ത ബോളിൽ കണ്ടത്. “- ഹോഗ് കൂട്ടിച്ചേർത്തു.
മത്സരത്തിൽ കോഹ്ലിയുടെയും പാണ്ട്യയുടെയും ഉഗ്രൻ കൂട്ടുകെട്ടായിരുന്നു ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ഇരുവരും ചേർന്ന് മികച്ച രീതിയിൽ തന്നെ പാകിസ്ഥാൻ ബോളർമാരെ നേരിട്ടു.