പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ലോകകപ്പിലെ ട്വന്റി20 മത്സരത്തിലെ പ്രകടനത്തിൽ കോഹ്ലിയെ പ്രശംസിച്ച് ഒരുപാട് ക്രിക്കറ്റർമാർ എത്തുകയുണ്ടായി. ഏറ്റവുമവസാനം കോഹ്ലിക്ക് പ്രശംസകളറിയിച്ചു വന്നിരിക്കുന്നത് പാകിസ്താന്റെ മുൻ ഫാസ്റ്റ് ബോളറായ ശുഐബ് അക്തറാണ്. “എന്നെ സംബന്ധിച്ച് കോഹ്ലിയുടെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ചാണ് അയാൾ പാക്കിസ്ഥാനെതിരെ കളിച്ചത്. മികച്ച ആത്മവിശ്വാസം അയാളെ മത്സരത്തിൽ സഹായിച്ചു.”- ഇതായിരുന്നു അക്തർ മത്സരശേഷം പറഞ്ഞ വാക്കുകൾ.
ഇതിനൊപ്പം കഴിഞ്ഞ മൂന്നുവർഷം കോഹ്ലി തന്റെ ക്രിക്കറ്റ് ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധികളെകുറിച്ചും അക്തർ സംസാരിക്കുകയുണ്ടായി. “കഴിഞ്ഞ മൂന്നു വർഷങ്ങളിൽ വേണ്ടരീതിയിൽ റൺസ് നേടാൻ വിരാടിന് സാധിച്ചിരുന്നില്ല. അയാളെ ക്യാപ്റ്റൻസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്തിനു കൂടുതൽ പറയണം അയാളുടെ കുടുംബത്തെ പോലും പലരും ഇതിനുള്ളിൽ പിടിച്ചിട്ടു. എന്നാൽ വിരാട് തന്റെ പരിശീലനങ്ങൾ കൃത്യമായി തുടർന്നു. ശേഷം അയാൾ തിരികെയെത്തി.
അയാൾ തീരുമാനിച്ചിരിക്കണം, ഈ സ്റ്റേജും ഈ സ്ഥലവും അയാളുടെ തിരിച്ചുവരവിനുള്ളതാണെന്ന്. അങ്ങനെ രാജാവ് തിരിച്ചെത്തിയിരിക്കുകയാണ്. ഞാൻ വളരെ സന്തോഷവാനാണ്. കാരണം കോഹ്ലി ഒരു മികച്ച ക്രിക്കറ്ററാണ്.”- ശുഹൈബ് അക്തർ പറയുന്നു. ഇതോടൊപ്പം കോഹ്ലി ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന അഭിപ്രായവും അക്തറിനുണ്ട്. “കോഹ്ലി ട്വന്റി20യിൽ നിന്ന് വിരമിക്കണം എന്നാണ് എന്റെ അഭിപ്രായം.
കാരണം തന്റെ മുഴുവൻ എനർജിയും കോഹ്ലി ട്വന്റി20 ക്രിക്കറ്റിനായി നഷ്ടപ്പെടുത്തുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല. മെൽബണിൽ അയാൾ നടത്തിയ കഠിനപ്രയത്നം ഏകദിന മത്സരത്തിൽ ആയിരുന്നുവെങ്കിൽ അയാൾക്ക് മൂന്ന് സെഞ്ചുറികളെങ്കിലും നേടാനാവുമായിരുന്നു. “- അക്തർ കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം പാക്കിസ്ഥാൻ മത്സരത്തിൽ വളരെ നന്നായി തന്നെയാണ് കളിച്ചതെന്നും അക്തർ പറയുകയുണ്ടായി. ചില ദിവസങ്ങളിൽ ഇങ്ങനെ നിർഭാഗ്യമുണ്ടാവുമെന്നും അക്തർ പാക്കിസ്ഥാൻ ടീമിനെ ഓർമിപ്പിക്കുന്നു.