ഒരുപാട് സമ്മർദ്ദമുണ്ടായിരുന്നു!! എന്നാൽ അവൻ അത് ഇല്ലാതാക്കി!! – പാണ്ട്യയെക്കുറിച്ച് കോഹ്ലി

   

പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ കോഹ്ലിയുടെ പ്രകടനം വളരെയേറെ ശ്രദ്ധേയമായിരുന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽ പാകിസ്ഥാൻ ബോളർമാർക്ക് ആവശ്യമായ ബഹുമാനം നൽകിയ കോഹ്ലി പിന്നീട് അടിച്ചുതൂക്കുന്നതായിരുന്നു മത്സരത്തിൽ കണ്ടത്. ഇന്നിംഗ്സിന്റെ ആദ്യ സമയത്തെ തന്റെ മെല്ലെപ്പോക്കിനെകുറിച്ചാണ് വിരാട് കോഹ്ലി ഇപ്പോൾ സംസാരിക്കുന്നത്.

   

മത്സരത്തിൽ ഇരുപത്തിയൊന്ന് പന്തുകളിൽ 12 റൺസ് നേടിയായിരുന്നു കോഹ്ലി ഒരു സമയത്ത് ക്രീസിൽ നിന്നിരുന്നത്. അതിനെപ്പറ്റി വിരാട് പറയുകയാണ്. “ഞാൻ 21 പന്തുകളിൽ 12 റൺസായിരുന്നു ആ സമയത്ത് നേടിയത്. മത്സരം എന്നെ കുഴപ്പിക്കുന്നതായി എനിക്ക് അപ്പോൾ തോന്നി. കൃത്യമായി ബോളുകൾ ഗ്യാപ്പുകളിലേക്ക് നിക്ഷേപിക്കാനും സാധിച്ചിരുന്നില്ല. പക്ഷേ എന്റെ പരിചയസമ്പന്നതയും, മത്സരം അവസാനത്തേക്ക് കൊണ്ടുപോകുന്നതിന്റെ മൂല്യവും ഞാൻ മനസ്സിലാക്കി. ഇന്ത്യൻ ടീമിൽ എന്റെ റോളും അതുതന്നെയായിരുന്നു. അവസാന സമയത്ത് വമ്പനടികൾ നടത്താൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.”- വിരാട് കോഹ്ലി പറഞ്ഞു.

   

ഇതോടൊപ്പം ഹർദിക് പാണ്ട്യയുമായുള്ള കൂട്ടുകെട്ടിനെകുറിച്ചും വിരാട് കോഹ്ലി സംസാരിക്കുകയുണ്ടായി. “സത്യസന്ധമായി പറഞ്ഞാൽ എനിക്ക് ആ സമയത്ത് കുറച്ചധികം സമ്മർദ്ദം ഉണ്ടായിരുന്നു. പക്ഷേ ശേഷം ഹർദിക് പാണ്ട്യ വരികയും കുറച്ച് ബൗണ്ടറുകൾ നേടുകയും ചെയ്തു. അങ്ങനെ ഞങ്ങൾ കൂട്ടുകെട്ട് ഉയർത്തി. അത് 100 റൺസ് വരെ എത്തിക്കാൻ സാധിക്കുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല. “- കോഹ്ലി കൂട്ടിച്ചേർത്തു.

   

“ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു. നന്നായി ഓടിക്കാൻ ശ്രമിച്ചു. ഫീൽഡർമാരുടെ ശരീരഭാഷ ശ്രദ്ധിച്ചു. ഒരു സമയത്ത് ഇതെല്ലാം ഞങ്ങൾക്ക് അനുകൂലമാകും എന്ന് ഞാൻ വിശ്വസിച്ചു. കാര്യങ്ങളെല്ലാം ഞങ്ങൾ വിചാരിച്ചത് പോലെ തന്നെ അവസാനം വന്നെത്തി.”- കോഹ്ലി പറഞ്ഞുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *