2022ലെ ഏഷ്യാകപ്പിന് മുമ്പ് വളരെ മോശം ഫോമിലൂടെയായിരുന്നു വിരാട് കോഹ്ലി കടന്നുപോയത്. അതിന്റെ പേരിൽ വിരാട് ഒരുപാട് വിമർശനങ്ങൾ കേൾക്കാനും ഇടയായി. എന്നാൽ കുറച്ചു സമയത്തെ വിശ്രമത്തിനുശേഷം മത്സരരംഗത്തേക്ക് തിരിച്ചെത്തിയ കോഹ്ലി ഇത്തരം വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് തന്നെ മറുപടി നൽകിയിരുന്നു. എന്നാൽ അന്ന് വിരാടിനെതിരെ ഉയർന്ന വിമർശനങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു എന്നാണ് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ ബ്രറ്റ് ലീ ഇപ്പോൾ പറയുന്നത്. കോഹ്ലിയുടെ കാലിബറിലുള്ള ഒരു കളിക്കാരൻ ഒരിക്കലും ഇങ്ങനെയുള്ള വിമർശനങ്ങൾ അർഹിക്കുന്നില്ല എന്നും ബ്രറ്റ് ലീ പറയുന്നു.
“അന്ന് വിരാട് കോഹ്ലിയുടെ കാലിബറുള്ള ഒരാൾക്ക് ഇത്രയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അന്ന് കോഹ്ലിയെ ആക്രമിച്ചവർക്ക് അയാളുടെ 3 ഫോർമറ്റിലെ റെക്കോർഡുകളെപറ്റിയും പ്രകടനത്തെപ്പറ്റിയും ഒരു ബോധ്യവും ഉണ്ടായിരുന്നില്ല.”- ബ്രറ്റ് ലീ പറയുന്നു.
ഇതോടൊപ്പം ക്രിക്കറ്റിൽ സാഹചര്യങ്ങൾ മാറിമറിയുമെന്നും ബ്രറ്റ് ലീ പറയുന്നു. “ഒരു ബാറ്റർക്ക് തന്റെ കരിയറിൽ സെഞ്ചുറികളും അർത്ഥസെഞ്ച്വറികളും നേടാൻ സാധിക്കാതെ വരുന്ന അവസരങ്ങൾ ഒരുപാടുണ്ടാവും. ഒരു പ്രൊഫഷണൽ സ്പോർട് എന്ന നിലയിൽ ഇതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. എന്നെ സംബന്ധിച്ച് കോഹ്ലി ഒരു ലെജൻഡ് ബാറ്ററാണ്. അതിനാൽതന്നെ ഒരുപാട് നാൾ അയാളെ വിമർശിക്കാൻ അവസരം കോഹ്ലി ഉണ്ടാക്കില്ല.”- ബ്രറ്റ് ലീ കൂട്ടിച്ചേർക്കുന്നു.
പിടിഐയുമായി നടത്തിയ അഭിമുഖത്തിലാണ് ബ്രറ്റ് ലീ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതോടൊപ്പം ജസ്‌പ്രിറ് ബുമ്രയുടെ അഭാവം ലോകകപ്പിലൂടനീളം ഇന്ത്യയെ അലട്ടുമെന്നും ലീ പറയുകയുണ്ടായി. എന്നിരുന്നാലും മുഹമ്മദ് ഷാമി മികച്ച ഒരു പകരക്കാരൻ തന്നെയാണെന്ന് ബ്രറ്റ് ലീ അംഗീകരിക്കുന്നുണ്ട്. ഒക്ടോബർ 27ന് നെതർലാൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം നടക്കുക.