ആ തീരുമാനമായിരുന്നു ശരി! അത് ഡെഡ് ബോളല്ല – സൈമൺ ടോഫൽ

   

ഒരുപാട് നാടകീയ നിമിഷങ്ങൾ കൂടിചേർന്നതായിരുന്നു മെൽബണിൽ നടന്ന ഇന്ത്യ-പാക്ക് മത്സരം. അവസാനബോൾ വരെ ആവേശം അലതല്ലിയ മത്സരത്തിൽ നാലു വിക്കറ്റുകൾക്കായിരുന്നു ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്. വിരാട് കോഹ്ലിയുടെ അവിസ്മരണീയമായ ഇന്നിംഗ്സായിരുന്നു ഇന്ത്യൻ വിജയത്തിന് പ്രധാന കാരണമായത്. എന്നാൽ മത്സരത്തിൽ അവസാന ഓവറിൽ നടന്ന ചില അവിചാരിതമായ സംഭവങ്ങൾ ചർച്ച ചെയ്യപ്പെടുകയാണ്. ഇന്ത്യൻ ഇന്നിങ്സിലെ അവസാന ഓവറിലെ മൂന്നാം ബോളിൽ മുഹമ്മദ് നവാസ് ഒരു നോബോൾ എറിഞ്ഞു. അടുത്ത ബോൾ സ്റ്റമ്പിൽ കൊള്ളുകയും കോഹ്ലി പന്തിൽ മൂന്ന് റൺസ് നേടുകയും ചെയ്തു. എന്നാൽ ഫ്രീഹിറ്റിൽ ബോൾ സ്റ്റമ്പിൽ കൊണ്ടാൽ ഡെഡ് ബോളാണ് വിളിക്കേണ്ടത് എന്നായിരുന്നു പാക് താരങ്ങൾ ഉന്നയിച്ചത്. ഇക്കാര്യം സംബന്ധിച്ച് സംസാരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ അമ്പയർ സൈമൺ ടോഫൽ.

   

ഫ്രീഹിറ്റിൽ ബോൾ സ്റ്റമ്പിൽ കൊണ്ടാൽ ഡെഡ് ബോൾ ആവില്ലന്നും നിയമവശങ്ങൾ മറ്റൊന്നാണെന്നും സൈമൺ ടോഫാൽ പറയുന്നു. ഐസിസിയുടെ നിയമങ്ങൾ ഉദരിച്ചുകൊണ്ടാണ് സൈമൺടോഫൽ ഇക്കാര്യം വ്യക്തമാക്കിയത്. “മത്സരത്തിൽ അമ്പയർമാർ കൃത്യമായ തീരുമാനം തന്നെയാണ് എടുത്തത്. ഫ്ര ഹിറ്റ് ബോളിൽ പന്ത് സ്റ്റമ്പിൽ കൊണ്ട് റൺ നേടുകയാണെങ്കിൽ അത് ബൈയായി തന്നെയാണ് കൂട്ടേണ്ടത്. കാരണം ഫ്രീഹിറ്റിൽ, സ്ട്രൈക്കിൽ നിൽക്കുന്ന ബാറ്ററെ ബൗൾടാക്കാൻ സാധിക്കില്ല.

   

അതിനാൽതന്നെ സ്റ്റമ്പിൽ കൊണ്ടാലും ബോൾ ഡെഡ് ആവില്ല. ഐസിസിയുടെ നിയമപ്രകാരം ബോൾ നിർജീവമല്ല.”- സൈമൺ ടോഫാൽ പറഞ്ഞു. ഈ സംഭവം സംബന്ധിച്ച് പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ അടക്കമുള്ള ക്രിക്കറ്റർമാർ തങ്ങളുടെ അതൃപ്തി മൈതാനത്ത് തന്നെ പ്രകടിപ്പിച്ചിരുന്നു. ഫ്രീഹിറ്റിൽ ബോൾ സ്റ്റമ്പിൽ കൊണ്ട ശേഷം തേഡ്മാനിലേക്ക് പോവുകയാണ് ചെയ്തത്. 3 റൺസ് ഓടിയെടുക്കാൻ കോഹ്ലിക്ക് ഇത് സഹായകരമായി. മത്സരത്തിൽ ഈ മൂന്ന് റൺസ് വളരെയധികം നിർണായകമാവുകയും ചെയ്തു.

   

ഒക്ടോബർ 27നാണ് ഇന്ത്യയുടെ ലോകകപ്പ് സൂപ്പർ 12ലെ അടുത്ത മത്സരം നടക്കുന്നത്. മത്സരത്തിൽ ഇന്ത്യ നെതർലാൻസിനെയാണ് നേരിടുന്നത്. ആ മത്സരത്തിൽ ഒരു മികച്ച വിജയം നേടി സെമിഫൈനലിനോട് അടുക്കാൻ തന്നെയാവും ഇന്ത്യ ശ്രമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *