അന്നവൻ കുറെ വിമർശനങ്ങൾ കേട്ടു!! ഇന്ന് മികച്ച പ്രകടനവുമായി ഇന്ത്യയെ വിജയിപ്പിച്ചു – ജാഫർ

   

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു അർഷദീപ് സിംഗ് കാഴ്ചവച്ചത്. മത്സരത്തിൽ പാകിസ്താന്റെ മുൻനിരയെ തകർത്തെറിഞ്ഞത് അർഷദീപായിരുന്നു. അപകടകാരികളായ റിസ്വാനെയും ബാബർ ആസമിനെയും ഇന്നിങ്സിന്റെ ആദ്യമേ കൂടാരം കയറ്റിയ അർഷദീപ് ഇന്ത്യൻ വിജയത്തിൽ ഒരു വലിയ പങ്കുവഹിച്ചു. കഴിഞ്ഞ ഏഷ്യകപ്പിൽ ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ അർഷദീപ് ഒരു അനായാസ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. അന്ന് അർഷദീപിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിൽ നിന്നെല്ലാം ഒരു വീണ്ടെടുപ്പാണ് അർഷദീപ് മെൽബണിൽ നടന്ന മത്സരത്തിൽ കാഴ്ചവച്ചത് എന്നാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.

   

“അർഷദീപിനെ സംബന്ധിച്ച് ഒരുതരത്തിൽ ഇതൊരു വീണ്ടെടുപ്പാണ്. ഇത്ര വലിയ ഒരു മത്സരത്തിൽ ബാബർ ആസാമിന്റെയും മുഹമ്മദ് റസ്വാന്റെയും വിക്കററ്റുകൾ എടുക്കുക എന്നാൽ ചെറിയ കാര്യമല്ല. അതു രണ്ടും വലിയ വിക്കറ്റുകളായിരുന്നു. നേരത്തെ തന്നെ ഇരുബാറ്റർമാരും ഇന്ത്യയ്ക്ക് ഭീഷണിയാവുമെന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാൽ അർഷദീപ് ആ വിക്കറ്റുകൾ വീഴ്ത്തി. പാക്കിസ്ഥാൻ മധ്യനിരയിൽ സമ്മർദ്ദം ഉണ്ടാവാൻ ഇത് കാരണമായി.”- വസീം ജാഫർ പറയുന്നു.

   

“അർഷദീപ് വളരെ മികച്ച രീതിയിൽ തന്നെയാണ് മത്സരത്തിൽ ബോൾ ചെയ്തത്. അയാൾ ബോൾ സിംഗ് ചെയ്ത രീതിയും വിക്കറ്റെടുത്ത രീതിയും വളരെ സന്തോഷമുണർത്തുന്നു. ഏഷ്യാകപ്പിൽ ആ ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ അർഷദീപ് ഒരുപാട് വിമർശനങ്ങൾ കേൾക്കുകയുണ്ടായി. ഇതിൽ നിന്നും വലിയൊരു തിരിച്ചുവരവാണ് അർഷദീപ് നടത്തിയത്”- ജാഫർ കൂട്ടിച്ചേർത്തു.

   

മത്സരത്തിൽ അർഷദീപ് തന്നെയായിരുന്നു ഇന്ത്യൻ ബോളിഗിന് ചുക്കാൻ പിടിച്ചത്. പാകിസ്താന്റെ മുൻനിരയെ വീഴ്ത്തിയ അർഷദീപ് നിശ്ചിത നാലോറുകളിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *