വളരെ നാടകീയമായ പര്യവസാനമായിരുന്നു ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഉണ്ടായത്. അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 16 റൺസ് വേണമെന്നിരിക്കെ ഇന്ത്യയ്ക്കായി വിരാട് കോഹ്ലി അടിച്ചുതൂക്കി. എന്നാൽ മത്സരത്തിൽ രണ്ടു പന്തുകളിൽ രണ്ട് റൺസ് വേണ്ട സമയത്തായിരുന്നു ഇന്ത്യക്ക് ദിനേഷ് കാർത്തിക്കിന്റെ വിക്കറ്റ് നഷ്ടമായത്. ശേഷം സമ്മർദ്ദമേറിയ സാഹചര്യത്തിൽ ഇന്ത്യയുടെ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിനാണ് ക്രീസിലെത്തിയത്.
എന്നാൽ മൈതാനത്ത് വളരെ ശാന്തനായി തന്നെയായിരുന്നു അശ്വിൻ കാണപ്പെട്ടത്. നവാസ് തന്റെ പാഡിലേക്ക് പന്തറിയും എന്ന് കണക്കുകൂട്ടിയ അശ്വിൻ ലെഗ് സൈഡിലേക്ക് ഇറങ്ങിനിന്നു. നവാസ് പാഡിലേക്ക് പന്തറിയാൻ ശ്രമിച്ചപ്പോൾ അശ്വിൻ മുൻപിലേക്ക് കയറി. ആ ബോൾ ഒരു വൈഡ് ബോളാക്കി മാറ്റി. ഇങ്ങനെ ഇന്ത്യ മത്സരത്തിൽ സമനിലയിലെത്തി. ശേഷം അവസാന പന്തിൽ ഒരു റൺ വേണമെന്നിരിക്കെ എല്ലാ ഫീൽഡർമാരും 30 വാര വൃത്തത്തിനുള്ളിലേക്ക് വന്നു. എന്നാൽ അശ്വിൻ കവറിനു മുകളിലൂടെ ബോൾ ഉയർത്തിയടിച്ച് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. അശ്വിന്റെ ഈ ബുദ്ധിപരമായ പ്രകടനത്തെകുറിച്ചാണ് വിരാട് കോഹ്ലി സംസാരിക്കുന്നത്.
“ആദ്യം കാർത്തിക്ക് പുറത്തായി. ശേഷം ഞാൻ അശ്വിനോട് പറഞ്ഞത് കവറിന് മുകളിലൂടെ അടിക്കാനായിരുന്നു. എന്നാൽ അശ്വിൻ ആ പന്തിൽ വളരെ ബുദ്ധിപൂർവ്വം വൈഡ് നേടിയെടുത്തു. അതൊരു ബുദ്ധിപരമായ നീക്കം തന്നെയായിരുന്നു. അശ്വിൻ ബോളിന്റെ എതിർശയിലേക്ക് നീങ്ങിയതിനാലാണ് അത് വൈഡായി ലഭിച്ചത്. ശേഷം അയാൾ ഏതെങ്കിലും ഗ്യാപ്പിലൂടെ ബോൾ അടിച്ചാൽ ഞങ്ങൾ ജയിക്കുമായിരുന്നു.”- വിരാട് കോഹ്ലി പറഞ്ഞു.
ഒക്ടോബർ 27നാണ് ഇന്ത്യയുടെ സൂപ്പർ 12ലെ രണ്ടാം മത്സരം നടക്കുന്നത്. മത്സരത്തിൽ ഇന്ത്യ താരതമ്യേന ദുർബലരായ നെതർലാൻഡ്‌സിനെ നേരിടും. ശേഷം ഒക്ടോബർ 30ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.