പാക്കിസ്ഥാനെതിരായ മിന്നും ബാറ്റിംഗ് പ്രകടനം വിരാട് കോഹ്ലിക്ക് ഒരുപാട് പ്രശംസകൾ സമ്മാനിച്ചു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ക്രിക്കറ്റ് ആരാധകർ കോഹ്ലിക്ക് ആശംസകൾ അറിയിച്ചു വരികയുണ്ടായി. തങ്ങളുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും മറ്റുമായി പല മുൻ താരങ്ങളും ആശംസകൾ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പോലും കോഹ്ലിയെ അഭിനന്ദിച്ച് ട്വിറ്ററിൽ കുറിച്ചിരുന്നു.
“ഇന്ത്യ-പാകിസ്ഥാൻ മത്സരം വെറുമൊരു മത്സരമല്ല അതൊരു വികാരം തന്നെയാണ്” എന്നായിരുന്നു മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചത്. ഇതോടൊപ്പം ഉഗ്രൻ ഇന്നിങ്സ് കാഴ്ചവച്ച വിരാടിനെ പുകഴ്ത്താനും യുവരാജ് മറന്നില്ല. “തന്റെ രാജ്യം പതറുമ്പോൾ, രാജാവ് ഉദിച്ചുയരും” എന്നായിരുന്നു മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ കുറിച്ചത്. “വിരാട് കോഹ്ലി ബാറ്റ് ചെയ്യുന്നത് കാണുന്നത് ആവേശമാണ്. അയാൾ മൈതാനത്ത് കരയുകയും ചിരിക്കുകയും ചെയ്യുന്നത് അഭിമാനമുണ്ടാകുന്നു.”- ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ തന്റെ ട്വിറ്ററിൽ കുറിച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റർമാരും വിരാട് കോഹ്ലിയെ പ്രശംസിച്ച് രംഗത്ത് വരികയുണ്ടായി. പാകിസ്ഥാനേറ്റ പരാജയത്തെപ്പറ്റി ചോദിച്ചപ്പോൾ പേസർ വഹാബ് റിയാസ് പറഞ്ഞത് ഇങ്ങനെയായിരുന്നു. “വിരാട് കോഹ്ലി, ആ പേര് തന്നെ ധാരാളമാണ്”. മുൻ പാക് ക്രിക്കറ്റർ മുഹമ്മദ് ഹാഫീസ് ട്വീറ്റ് ചെയ്തത് “ഒരു സ്പെഷ്യൽ കളിക്കാരന്റെ സ്പെഷ്യൽ ഇന്നിംഗ്സ്” എന്നായിരുന്നു.
ഇങ്ങനെ ലോകത്താകമാനമുള്ള ക്രിക്കറ്റർമാരും കോഹ്ലിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പല സമയത്തും പരാജയമുറപ്പിച്ച മത്സരത്തിൽ അത്ഭുതകരമായിയിരുന്നു കോഹ്ലി ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്. ലോകകപ്പിലെ വരും മത്സരങ്ങളിലും ആത്മവിശ്വാസം നൽകുന്ന ഇന്നിങ്സ് തന്നെയാണ് വിരാട് മത്സരത്തിൽ കാഴ്ചവച്ചത്.