ഒരുകാലത്ത് ചെയിസിംഗ് എന്നത് പല ടീമുകൾക്കും ബാലികേറാമലയായിരുന്നു. കൃത്യമായ കണക്കുകൂട്ടലുകളോടെ കളിക്കുകയും തന്റെ സംയമനം കൈവിടാതെ സൂക്ഷിക്കുകയും ചെയ്താൽ മാത്രമേ ഒരു ക്രിക്കറ്റർക്ക് ചെയ്‌സിംഗിൽ ലക്ഷ്യത്തിലെത്താൻ സാധിക്കൂ. എന്നാൽ ചെയ്‌സിംഗ് എന്നത് അനായാസമാക്കിയ ഒരു ബാറ്ററാണ് വിരാട് കോഹ്ലി. പലരും കോഹ്ലിയെ ചെയിസിംഗ് മാസ്റ്റർ എന്ന് വിളിക്കുന്നത് കോഹ്ലിയുടെ അപാരമായ കഴിവ് കൊണ്ട് തന്നെയാണ്. മെൽബണിൽ പാക്കിസ്ഥാനെതിരെ നാം കണ്ടതും ഇതാണ്.
ട്വന്റി20 ലോകകപ്പിൽ ഞെട്ടിക്കുന്ന റെക്കോർഡാണ് വിരാട് കോഹ്ലിയ്ക്ക് ഉള്ളത്. ചെയ്‌സ് ചെയ്യുമ്പോൾ കോഹ്ലി തന്റെ ഫുൾ സ്വാഗിലെത്തുന്നു. ഇതുവരെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്ത മത്സരങ്ങളിൽ 11 എണ്ണത്തിൽ കോഹ്ലി കളിച്ചിട്ടുണ്ട്. ഇതിൽ പത്തെണ്ണത്തിൽ ബാറ്റും ചെയ്തിട്ടുണ്ട്. ഈ 10 ഇന്നിങ്സുകളിൽ നിന്ന് കോഹ്ലി നേടിയത് 541 റൺസാണ്. എന്നാൽ ഇതിലും അത്ഭുതപ്പെടുത്തുന്ന കാര്യം കോഹിയുടെ ശരാശരിയാണ്. ഇന്ത്യക്കായി ട്വന്റി20 ലോകകപ്പിൽ ചെയ്‌സിങ്ങിനിറങ്ങുമ്പോൾ കോഹ്ലിയുടെ ശരാശരി 270.50 റൺസാണ്. അത്ഭുതകരം എന്ന് മാത്രമേ ഇതിനെ പറയാനാവൂ.
എതിർടീമുകൾ എന്തുകൊണ്ടാണ് വിരാട്ടിനെ ഇത്രമാത്രം ഭയപ്പെടുന്നത് എന്നതിനുള്ള ഉത്തരം കൂടിയാണ് കോഹ്ലിയുടെ ഈ ശരാശരി. ചെയ്‌സ് ചെയ്യാനിറങ്ങിയ 10 ഇന്നിങ്സുകളിൽ 7 എണ്ണത്തിലും കോഹ്ലി അർത്ഥസെഞ്ച്വറി നേടിയിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നേടിയ 82 റൺസാണ് ചെയ്‌സിങ്ങിലെ കോഹ്ലിയുടെ ഉയർന്ന സ്കോർ.
ഇതുമാത്രമല്ല സെൻസിബിൾ ഇന്നിങ്സ് കളിക്കുമ്പോഴും തരക്കേടില്ലാത്ത സ്ട്രൈക്ക് റേറ്റ് നിലനിർത്താനും കോഹ്ലി ശ്രമിക്കാറുണ്ട്. ഇതൊക്കെയും സൂചിപ്പിക്കുന്നത് കോഹ്ലിയുടെ ചെയിസിങ്ങിലെ പ്രാഗൽഭ്യം തന്നെയാണ്. മറ്റൊരു ടീമിനും അവകാശപ്പെടാൻ ഇല്ലാത്ത ഒരു പ്രതിഭ തന്നെയാണ് വിരാട് കോഹ്ലി.