ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ പ്രധാന വഴിത്തിരിവ് ഇന്ത്യയുടെ ബോളിംഗ് പ്രകടനമായിരുന്നു. വമ്പൻ ബാറ്റിംഗ് നിരയുള്ള പാക്കിസ്ഥാനെ തുടക്കത്തിലെ സമ്മർദ്ദത്തിലാക്കിയ ബോളിഗ് നിര ഇന്ത്യയ്ക്ക് മുൻതൂക്കം നൽകി. ഒരുപക്ഷേ ബാബർ ആസമും മുഹമ്മദ് റിസ്വാനും തുടക്കത്തിലെ കൂടാരം കയറിയില്ലായിരുന്നുവെങ്കിൽ പാക്കിസ്ഥാൻ സ്കോർ 200 കടന്നേനെ. അതിനുശേഷമാണ് വിരാട് കോഹ്ലി തന്റെ ക്രിക്കറ്റ് ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. മത്സരത്തിലൂടനീളം ദൃശ്യമായ മറ്റൊരു പ്രധാനകാര്യം രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവായിരുന്നു. കൃത്യമായി ബോളർമാരെ ഉപയോഗിക്കുന്നതിൽ രോഹിത് മത്സരത്തിൽ വിജയം കണ്ടു.
ഇഫ്തികാർ അഹമ്മദ് അക്ഷർ പട്ടേലിനെ അടിച്ചുതൂക്കിയ ശേഷം, അടുത്ത ഓവർ തന്നെ മുഹമ്മദ് ഷാമിയെ ബോൾ ഏൽപ്പിച്ച രോഹിതിന്റെ തന്ത്രം മത്സരത്തിൽ ഫലം കണ്ടിരുന്നു. എന്നാൽ അക്ഷർ പട്ടേലിന് മറ്റൊരു ഓവർ നൽകാതിരുന്നതാണ് പാകിസ്ഥാനെതിരെ രോഹിത്തിന്റെ വിജയതന്ത്രം എന്നാണ് മുൻ ക്രിക്കറ്റർ മദൻലാൽ പറയുന്നത്. അക്ഷർ പട്ടേലിന്റെ ആദ്യ ഓവറിൽ 21 റൺസായിരുന്നു പാകിസ്ഥാൻ അടിച്ചുകൂട്ടിയത്. എന്നാൽ ശേഷം രോഹിത് അക്ഷറിന് ബോൾ നൽകിയില്ല.
“അക്ഷർ പട്ടേൽ കുറച്ചധികം റൺസ് തന്റെ ആദ്യ ഓവറിൽ തന്നെ വിട്ടുനൽകിയിരുന്നു. എന്നാൽ ആ ഓവറിന് ശേഷം രോഹിത് അക്ഷറിന് ബോൾ നൽകിയില്ല. അതായിരുന്നു മത്സരത്തിൽ രോഹിത് ഉപയോഗിച്ച ഏറ്റവും മികച്ചതന്ത്രം. അയാൾ തന്റെ ടീമിലെ പരിചയസമ്പന്നനായ സ്പിന്നർ അശ്വിന് ബോൾ നൽകി. അശ്വിൻ മത്സരത്തിൽ മൂന്ന് ഓവറുകൾ എറിയുകയുണ്ടായി. എനിക്ക് തോന്നുന്നത് രോഹിത്തിന്റെ ക്യാപ്റ്റൻസിയിലെ പ്രധാന കാര്യം ഇതായിരുന്നു എന്നാണ്. “- മദൻലാൽ പറയുന്നു.
മത്സരത്തിൽ ഇന്ത്യക്കായി സീം ബോളർമാർ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഇന്ത്യക്കായി അർഷാദീപും ഹാർദിക് പാണ്ട്യയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ശേഷം വിരാട് കോഹ്ലിയുടെ അത്യുഗ്രൻ ഇന്നിങ്സായിരുന്നു മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചത്.