എന്തുകൊണ്ടാണ് കോഹ്ലിയെ കിംഗ് കോഹ്ലി എന്ന് വിളിക്കുന്നത് എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. അതിനുള്ള ഉത്തരം നൽകിയ ഇന്നിങ്സായിരുന്നു കോഹ്ലി പാകിസ്ഥാനെതിരെ കളിച്ചത്. കാൽച്ചുവട്ടിലെ മുഴുവൻ മണ്ണും ഒലിച്ചുപോയിട്ടും ഒരു ടീമിനെ കരകയറ്റാൻ എല്ലാം മറന്നു പരിശ്രമിച്ച ഒരാളുടെ കഥയാണ് കോഹ്ലി പാകിസ്ഥാനെതിരെ പറഞ്ഞത്. പാക്കിസ്ഥാന്റെ എല്ലാ അസ്ത്രങ്ങളെയും അരിഞ്ഞുവീഴ്ത്തി കോഹ്ലി ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.
ആവേശം അലതല്ലിയ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പിച്ചിന്റെ മുഴുവൻ സാഹചര്യങ്ങളും മനസ്സിലാക്കിയ ഇന്ത്യൻ സീമർമാർ മികച്ച തുടക്കം തന്നെയാണ് ഇന്ത്യക്ക് നൽകിയത്. ഇന്നിംഗ്സിൽ ഇന്ത്യക്ക് ഭീഷണിയാകും എന്ന് കരുതിയ ബാബർ ആസാമിനെയും മുഹമ്മദ് റിസ്വാനെയും ഇന്ത്യൻ സീമർമാർ ആദ്യമേ പുറത്താക്കി. പക്ഷേ മൂന്നാമനായിറങ്ങിയ മസൂദും(52) നാലമ്പനായി ഇറങ്ങിയ ഇഫ്തിക്കാർ അഹമ്മദു(51) പാകിസ്ഥാനായി ക്രീസിൽ ഉറച്ചു. തരക്കേടില്ലാത്ത രീതിയിൽ സ്കോറിങ് ഉയർത്താൻ ഇരു ബാറ്റർമാർക്കും സാധിച്ചു. എന്നാൽ സീമാർമാർ തിരിച്ചെത്തിയതോടെ പാകിസ്ഥാൻ വീണ്ടും കുഴഞ്ഞു. നിശ്ചിത 20 ഓവറുകളിൽ 159 റൺസായിരുന്നു പാകിസ്ഥാൻ മത്സരത്തിൽ നേടിയത്. മത്സരത്തിൽ ഇന്ത്യക്കായി ഹർദിക് പാണ്ട്യയും അർഷദീപ് സിംഗും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ 2021ലെ മത്സരത്തെ അനുസ്മരിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. രോഹിത് ശർമയും(4) കെഎൽ രാഹുലും(4) തുടക്കത്തിൽ തന്നെ കൂടാരം കയറി. സൂര്യകുമാർ അടിച്ചുതുടങ്ങിയെങ്കിലും ഹസൻ റാഫിന്റെ ബുള്ളറ്റ് ബോളിൽ വിക്കറ്റ് തെറിച്ചു. ഒരു സമയത്ത് ഇന്ത്യ ഏഴ് ഓവറകളിൽ 33ന് 4 എന്ന നിലയിൽ എത്തി. എന്നാൽ പിന്നീട് മത്സരത്തിൽ കണ്ടത് വിരാട് കോഹ്ലി എന്ന അമാനുഷികന്റെ ഒരു ആറാട്ട് തന്നെയായിരുന്നു. മെൽബണിൽ അണിനിരന്ന കാണികൾക്ക് മുൻപിൽ വിരാട് പാക്കിസ്ഥാൻ ബോളിങ് നിരയ്ക്കുമേൽ അഴിഞ്ഞാടി. പലപ്പോഴും കൈവിട്ടുപോകുമെന്ന് തോന്നിയ മത്സരമായിരുന്നു വിരാട് തന്റെ അത്യുജ്വല ഇന്നിങ്സിലൂടെ തിരികെ വാങ്ങിയത്. മത്സരത്തിൽ 53 പന്തുകൾ നേരിട്ട കോഹ്ലി 82 റൺസാണ് നേടിയത്. ഇന്നിങ്സിൽ 6 ബൗണ്ടറുകളും നാല് സിക്സറുകളും ഉൾപ്പെട്ടു. അവസാനബോളിൽ ഒരു റൺ വേണമെന്നിരിക്കെ അശ്വിന്റെ ബൗണ്ടറി ഷോട്ടിൽ ഇന്ത്യ നാലു വിക്കറ്റ് വിജയം കണ്ടു.
അങ്ങേയറ്റം ആവേശം നിറഞ്ഞ തുടക്കമാണ് ഇന്ത്യയ്ക്ക് 2022 ലോകകപ്പിൽ ലഭിച്ചിരിക്കുന്നത്. കോഹ്ലി ആരാണ് എന്ന് കൃത്യമായി വിളിച്ചോതിയ മത്സരം ഇന്ത്യയ്ക്ക് ഒരുപാട് പ്രതീക്ഷകൾ നൽകുന്നു. ഇന്ത്യയെ സംബന്ധിച്ച് ഈ വിജയം അങ്ങേയറ്റം പകിട്ടേറിയതാണ്. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാൻ നൽകിയ സമ്മാനത്തിന് ഇന്ത്യയുടെ മറുപടി.