ലോകകപ്പിൽ ഇന്ത്യയുടെ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ തന്നെ ഓസ്ട്രേലിയയിലേക്ക് വണ്ടി കയറിയ ഇന്ത്യൻ ടീമിനെ സംബന്ധിച്ച ലോകകപ്പ് നേടുക എന്നത് തന്നെയാണ് ഏറ്റവും വലിയ ലക്ഷ്യം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് എത്തുന്ന എതിരാളികളെ തോൽപ്പിച്ച് ഇന്ത്യക്ക് ലോകകപ്പിൽ മുത്തമിടാനാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഈ അവസരത്തിൽ 2022 ലോകകപ്പിലെ സെമിഫൈനലിൽ എത്താൻ സാധ്യതയുള്ള ടീമുകളെ പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.
2021 ലെ ലോകകപ്പിൽ ഇന്ത്യയ്ക്കേറ്റ പരാജയം അവരെ അലട്ടുമെന്നും അതിനാൽ കഴിഞ്ഞ കാര്യങ്ങൾ ഓർത്തുവയ്ക്കേണ്ട കാര്യമില്ലെന്നും ഗാംഗുലി പറയുന്നു. “മുൻപ് എന്ത് സംഭവിച്ചു എന്നത് ചർച്ച ചെയ്യേണ്ട കാര്യമില്ല. ഇത്തവണത്തെ ലോകകപ്പിൽ വിജയിക്കാൻ സാധ്യതയുള്ള ടീം തന്നെയാണ് ഇന്ത്യ. ലോകകപ്പിനെ സംബന്ധിച്ച് പോരാട്ടങ്ങൾ വ്യത്യസ്തമാണ്. ഈ രണ്ടു മൂന്ന് ആഴ്ചകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ടീം ലോകകപ്പ് സ്വന്തമാക്കും. ഇപ്പോൾ പ്രവചനങ്ങൾ നടത്തുക പ്രയാസകരമാണ്. എന്നാൽ നമുക്ക് ഒരു മികച്ച ടീമാണുള്ളത്. വമ്പനടിക്കാരുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ ഇവരുടെ ഫോമാണ് നിർണായകമാവുക.”- ഗാംഗുലി പറഞ്ഞു.
ഇതോടൊപ്പം ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന നാല് ടീമുകളെയും ഗാംഗുലി പ്രവചിക്കുകയുണ്ടായി. “എന്റെ അഭിപ്രായത്തിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിലെത്തും. ദക്ഷിണാഫ്രിക്ക ഒരു മികച്ച ബോളിംഗ് സൈഡാണ്. ഓസ്ട്രേലിയയിൽ അവർ അപകടകാരികളാവും.”- ഗാംഗുലി കൂട്ടിച്ചേർക്കുന്നു.
ഇന്നലെയാണ് ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ പന്ത്രണ്ട് പോരാട്ടങ്ങൾ ആരംഭിച്ചത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയെ ന്യൂസിലാൻഡ് ടീം 89 റൺസിന്റെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയിരുന്നു. വമ്പൻ മത്സരങ്ങൾ വരാനിരിക്കെ ഇനിയും അട്ടിമറി സാധ്യതകൾ തള്ളിക്കളയാനാവില്ല.