വളരെയധികം ആവേശം നിറഞ്ഞ പോരാട്ടം തന്നെയാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. ആരാധകർക്കപ്പുറം കളിക്കാരിലും പലപ്പോഴും ഈ ആവേശം പ്രതിഫലിക്കാറുണ്ട്. പലപ്പോഴും ഇത് സമ്മർദ്ദമായി മാറുന്നതും സ്ഥിരം കാഴ്ചയാണ്. മൈതാനത്ത് ബദ്ധശത്രുക്കളെ പോലെ കളിക്കുമെങ്കിലും മൈതാനത്തിന് പുറത്ത് ഇന്ത്യ-പാകിസ്ഥാൻ താരങ്ങൾ സൗഹൃദം പങ്കുവെക്കുന്നത് പലപ്പോഴായി കണ്ടിട്ടുണ്ട്. ഇതിനെക്കുറിച്ചാണ് ബാബർ ആസാം പത്രസമ്മേളനത്തിൽ പറഞ്ഞത്.
മൈതാനത്തിന് പുറത്ത് എല്ലാ ടീമുകളും തങ്ങൾക്ക് ഒരേപോലെയാണെന്നും എല്ലാവരോടും നല്ല സൗഹൃദമാണ് ഉള്ളതെന്നും ആസം പറയുന്നു. “മൈതാനത്തിന് പുറത്ത് ഞങ്ങൾ നല്ല സൗഹൃദം ഉള്ളവരാണ്. ഞങ്ങൾ എന്താണ് സ്പോർട്സ്മാൻ സ്പിരിറ്റ് എന്ന് തിരിച്ചറിയുകയും കാര്യങ്ങൾ ചർച്ചചെയ്യുകയും ചെയ്യാറുണ്ട്. ഇന്ത്യയോട് മാത്രമല്ല മറ്റുള്ള രാജ്യങ്ങളോടും ഞങ്ങൾ ഈ സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. ഇത് നമ്മളെ മൈതാനത്ത് ഒരുപാട് സഹായിക്കുന്നു. മൈതാനത്ത് എല്ലാവരും തങ്ങളുടെ രാജ്യത്തിനായി നൂറുശതമാനവും നൽകാൻ ശ്രമിക്കുന്നു. എന്നാൽ അതിനുപുറത്ത് എല്ലാവരും സാധാരണ ആളുകൾ തന്നെയാണ്.”- ബാബർ ആസാം പറയുന്നു.
ഇന്ത്യ-പാക്ക് മത്സരത്തിലേക്ക് വരുമ്പോൾ സൂര്യകുമാർ യാദവാണ് പാകിസ്ഥാന് ഭീഷണിയാവാൻ സാധ്യതയുള്ള ക്രിക്കറ്റർ. സൂര്യകുമാറിനെതിരെ എന്തെങ്കിലും പ്രത്യേകതരം തന്ത്രങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിന് ബാബർ ആസാമിന്റെ മറുപടി ഇങ്ങനെയായിരുന്നു.”ഞങ്ങൾക്ക് എതിർടീമിലെ എല്ലാ കളിക്കാർക്കുമെതിരെ ഓരോ പ്ലാനുകളുണ്ട്. മത്സരദിവസം അത് പൂർണമായി നടപ്പിലാക്കാൻ ഞങ്ങൾ ശ്രമിക്കും. 100%വും ഞങ്ങളുടെ കണക്കുകൂട്ടലുകൾക്കൊപ്പം ഞങ്ങൾ സഞ്ചരിക്കും. മത്സരത്തിൽ എന്താണ് ഉണ്ടാവാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.”- ബാബർ കൂട്ടിച്ചേർത്തു.
കുറച്ചധികം നാളുകളായി എല്ലാവരും കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. മൈതാനത്ത് കഴിഞ്ഞവർഷത്തെ പരാജയത്തിന്റെ പകരം ചോദിക്കാൻ രോഹിത്തിന്റെ പടയിറങ്ങുമ്പോൾ മത്സരം കൊഴുക്കും എന്നത് ഉറപ്പാണ്. ഉച്ചയ്ക്ക് 1.30ന് മെൽബണിലാണ് മത്സരം നടക്കുക.