പാക്കിസ്ഥാനെതിരെ വമ്പൻ പ്രകടനത്തിനായി അവസാനഘട്ട തയാറെടുപ്പുകളിലാണ് ഇന്ത്യൻ ടീം. 2021ലെ ലോകകപ്പിൽ കോഹ്ലിയുടെ നായകത്വത്തിന് കീഴിൽ പാക്കിസ്ഥാനോടേറ്റ വലിയ പരാജയത്തിന് പ്രതികാരം ചെയ്യാൻ തന്നെയാണ് രോഹിത്തിന്റെ പട ഇറങ്ങുന്നത്. ഈ അവസരത്തിൽ ഇന്ത്യൻ ടീമിൽ കളിക്കുമ്പോഴുള്ള പ്രതിതിയെക്കുറിച്ചാണ് രോഹിത് ശർമ ഇപ്പോൾ പറയുന്നത്. ഇന്ത്യക്കായി ഏത് മത്സരം കളിക്കുമ്പോഴും അത് പ്രാധാന്യമുള്ളതാണെന്ന് രോഹിത് പറയുന്നു. അതേപോലെ തന്നെയാണ് പാക്കിസ്ഥാനെതിരായ മത്സരവും കാണുന്നതെന്നാണ് രോഹിത്തിന്റെ പക്ഷം.
ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആവുകയെന്നത് തന്നെ സംബന്ധിച്ച് വലിയൊരു അംഗീകാരം തന്നെയാണെന്ന് രോഹിത് പറയുന്നു. “നായകപദവി എന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യം തന്നെയാണ്. എന്നിരുന്നാലും ഇന്ത്യക്കായി കളിക്കുന്ന ഓരോ മത്സരവും പ്രാധാന്യമേറിയതാണ്. 2007ൽ പാകിസ്ഥാനെതിരെ ഞാൻ ഒരു ലോകകപ്പ് ഫൈനൽ കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി ഫൈനൽ, ഇന്ത്യ ജയിച്ചപ്പോഴും പരാജയപ്പെട്ടപ്പോഴും ഞാൻ ടീമിൽ ഉണ്ടായിരുന്നു. അതിനാൽ ഇന്ത്യക്കായി കളിക്കുന്നത് എത്ര പ്രാധാന്യമേറിയ കാര്യമാണെന്ന് എനിക്ക് മനസ്സിലാവും.”- രോഹിത് പറയുന്നു.
“തീർച്ചയായും ഞാനിപ്പോൾ ക്യാപ്റ്റനാണ്. എന്നെ സംബന്ധിച്ച് അത് വലിയ അംഗീകാരം തന്നെയാണ്. നാളെ മൈതാനത്തിറങ്ങുമ്പോൾ എന്റെ ചിന്തകളിൽ ഇതൊന്നു ഉണ്ടായിരിക്കില്ല. മത്സരത്തിൽ എങ്ങനെ നന്നായി കളിക്കാം എന്നത് മാത്രമായിരിക്കും എന്റെ ചിന്ത. മികച്ച പ്രകടനത്തോടെ വിചാരിച്ച ഫലം നേടിയെടുക്കാനും, എതിരാളികളെ സമ്മർദ്ദത്തിലാക്കാനും ഞങ്ങൾ ശ്രമിക്കും.”- രോഹിത് കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനെതിരെ നടന്ന കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ഇന്ത്യ പരാജയമറിഞ്ഞിരുന്നു. ഏഷ്യാകപ്പിൽ ഗ്രൂപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ വിജയിക്കുകയും സൂപ്പർ നാലിൽ പരാജയപ്പെടുകയും ചെയ്തു. എന്നാൽ ഇത്തവണ പാകിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യ തിരിച്ചെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.