ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾ നാളെയാണ് ആരംഭിക്കുന്നത്. ന്യൂസിലാന്റും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം നടക്കുക. ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന അഭ്യൂഹങ്ങളും പ്രവചനങ്ങളുമെല്ലാം നടക്കുകയാണ്. മുൻപ് പല മുൻ ക്രിക്കറ്റർമാരും സെമിഫൈനലിലേക്ക് കയറുന്ന ടീമുകളെ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. ഇപ്പോൾ ഇന്ത്യ ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ഒരു ടീമാവും എന്ന പ്രവചനവുമായി വന്നിരിക്കുന്നത് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. ബുംറയുടെ അഭാവത്തിലും ലോകകപ്പിന്റെ ഫൈനലിലെത്താൻ സാധ്യതയുള്ള ഒരു ടീമാണ് ഇന്ത്യ എന്ന അഭിപ്രായമാണ് സഹീറിന്.
“ഞാൻ ഇന്ത്യയോടൊപ്പം തന്നെയാണ്. ബുമ്രയുടെ പരിക്കിനെ സംബന്ധിച്ച് ഒരുപാട് സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്. ബോളിങ്ങിൽ ഇന്ത്യയ്ക്ക് ഇത് തിരിച്ചടിയാകുമെന്ന് പലരും പറഞ്ഞു. എന്നിരുന്നാലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടരുന്ന സ്ഥിരതയാർന്ന പ്രകടനം കണക്കിലെടുക്കുമ്പോൾ എനിക്ക് തോന്നുന്നു ഫൈനലിൽ എത്തുന്ന ഒരു ടീം ഇന്ത്യ തന്നെയായിരിക്കുമെന്ന്”- സഹീർ പറഞ്ഞു.
മുൻപ് ആശിഷ് നെഹ്രയും ഇന്ത്യ ഫൈനലിൽ എത്തുമെന്ന് പ്രവചിക്കുകയുണ്ടായി.”ഇന്ത്യയെ ഒഴിച്ച് നിർത്തിയാൽ ഇംഗ്ലണ്ടോ ന്യൂസിലാൻഡോ ഫൈനലിൽ എത്താനാണ് സാധ്യത. എന്റെ ഹൃദയം എപ്പോഴും ഇന്ത്യക്കൊപ്പമാണ്. അതിനാൽ ഇന്ത്യ ഫൈനലിൽ എത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. എതിരാളികളായി വരുന്നത് ഇംഗ്ലണ്ടോ ന്യൂസിലാൻഡോ തന്നെയായിരിക്കും.”- നെഹ്ര പറഞ്ഞു.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായിരുന്നു. എന്നാൽ അതിനുശേഷമുള്ള പരമ്പരകളിൽ അവിസ്മരണീയമായ പ്രകടനങ്ങൾ തന്നെയായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. അതിനാൽതന്നെ 2022 ലോകകപ്പിലേക്ക് വരുമ്പോൾ വിജയ സാധ്യതയുള്ള ടീം തന്നെയാണ് ഇന്ത്യ.