ലോകകപ്പ് ട്വന്റി20യ്ക്കായി പുറപ്പെട്ട ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശക്തി ബാറ്റിംഗ് യൂണിറ്റ് തന്നെയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വിരാട് കോഹ്ലിയും കെഎൽ രാഹുലും രോഹിത് ശർമയും സൂര്യകുമാർ യാദവുമടങ്ങുന്ന മുൻനിര ലോകത്തെ ഏത് ബോളിങ്ങിനേയും അനായാസം അടിച്ചുകറ്റാൻ സാധിക്കുന്നതാണ്. എന്നാൽ പിന്നീടെത്തുന്ന ഋഷഭ് പന്തിന്റെയും ദിനേഷ് കാർത്തിക്കിന്റെയും കാര്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നു. ഏഷ്യകപ്പടക്കമുള്ള ടൂർണമെന്റുകളിൽ മോശം പ്രകടനമാണ് പന്ത് നടത്തിയത്. എന്നാൽ ദിനേശ് കാർത്തിക്കിന് ടീമിൽ ആവശ്യമായ അവസരങ്ങൾ ലഭിച്ചതുമില്ല.
കിട്ടിയ അവസരങ്ങൾ കാർത്തിക്ക് നന്നായി ഉപയോഗിച്ചു. ദിനേഷ് കാർത്തിക്ക് ഈ ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കളിക്കാരനാവും എന്നാണ് ഓസ്ട്രേലിയയുടെ മുൻ ഓൾറൌണ്ടർ ഷെയൻ വാട്സൺ ഇപ്പോൾ പറയുന്നത്. ആദ്യ പന്ത് മുതൽ ബൗണ്ടറികൾ നേടാനുള്ള കാർത്തിക്കിന്റെ കഴിവ് ലോകകപ്പിൽ ഇന്ത്യക്ക് ഗുണമുണ്ടാക്കും എന്നാണ് വാട്സൺ കരുതുന്നത്.”ദിനേശ് കാർത്തിക്ക് ഇന്ത്യക്ക് ഒരുപാട് ഗുണം ചെയ്യും.
ഡികെ വളരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നുണ്ട്. അയാൾ അവിസ്മരണീയമാണ്. ലോകനിലവാരമുള്ള ബോളിഗ് നിരയെ ആണെങ്കിലും ക്രീസിൽ എത്തിയയുടൻ പഞ്ഞിക്കിട്ട് മത്സരം കൈപിടിയിലൊതുക്കാൻ ദിനേശ് കാർത്തിക്കിന് സാധിക്കും. “- ഷെയിൻ വാട്സൺ പറയുന്നു. “ആ റോളാണ് ഇന്ത്യൻ ടീമിന് ആവശ്യമെങ്കിൽ ദിനേശ് കാർത്തിക്കിനെക്കാളും പറ്റിയ മറ്റൊരു കളിക്കാരനില്ല. അവസാന നിമിഷം ക്രീസിലെത്തി തുടക്കത്തിൽ തന്നെ ബൗണ്ടറി നേടുന്ന ഒരാളെയാണ് ഇന്ത്യയ്ക്ക് ആവശ്യമെങ്കിൽ ദിനേശ് കാർത്തിക്ക് തന്നെയാണ് പറ്റിയ ആൾ.”- വാട്സൺ കൂട്ടിച്ചേർക്കുന്നു.
റിഷഭ് പന്ത് ഈറോളിന് യോജിച്ചതാണെങ്കിലും അയാളെ മധ്യനിര ബാറ്ററായി മാത്രമാണ് താൻ കാണുന്നതെന്നും വാട്സൺ പറയുന്നു. രണ്ടുപേരും നന്നായി കളിക്കുമെങ്കിലും തന്റെ ഫിനിഷർ കാർത്തിക്ക് തന്നെയാണെന്ന് വാട്സൺ ആവർത്തിക്കുന്നു. ഇതോടൊപ്പം ട്വന്റി20 ലോകകപ്പിൽ കാർത്തിക്ക് വലിയ റോൾ വഹിക്കുമെന്നും വാട്സൺ വിശ്വസിക്കുന്നു.