അഴിഞ്ഞാടി അയർലൻഡ്!! ചാരമായി വിൻഡിസ് ലോകകപ്പിന് പുറത്തേക്ക്!!

   

ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ പന്ത്രണ്ട് കാണാതെ വെസ്റ്റ് ഇൻഡീസ് ടീം പുറത്തേക്ക്. അയർലാൻഡിനെതിരായ ആദ്യ റൗണ്ട് പോരാട്ടത്തിൽ 9 വിക്കറ്റുകൾക്ക് പരാജയം ഏറ്റുവാങ്ങിയാണ് വിൻഡീസ് ടീം ടൂർണമെന്റിന് പുറത്തായിരിക്കുന്നത്. പലരെയും ഞെട്ടിച്ച അട്ടിമറി വിജയമായിരുന്നു അയർലൻഡ് ടീം മത്സരത്തിൽ നേടിയത്. മറുവശത്ത് രണ്ട് തവണ ട്വന്റി20 ലോകകപ്പ് ചാമ്പ്യന്മാരായ വിൻഡീസിനെ സംബന്ധിച്ച് വളരെയേറെ ആശങ്കാജനകമാണ് ഈ പുറത്താകൽ.

   

മത്സരത്തിൽ ടോസ് നേടിയ വിൻഡിസ് ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കൈൽ മേയെഴ്സിനെ വിൻഡീസിന് ആദ്യമേ നഷ്ടമായി. എന്നാൽ ഒരു വശത്ത് ജോൺസൺ ചാൾസ്(24) അടിച്ചു തകർത്തതോടെ വിൻഡീസ് ട്രാക്കിലെത്തി. പക്ഷേ വിക്കറ്റുകൾ കൃത്യമായി നേടാൻ അയർലൻഡ് ടീമിന് സാധിച്ചു. 48 പന്തുകളിൽ 62 റൺസ് നേടിയ ബ്രാണ്ടൻ കിംഗായിരുന്നു വിൻഡിസ് നിരയിൽ നല്ല പ്രകടനം കാഴ്ചവച്ചത്. അവസാന ഓവറുകളിൽ ഒടിയൻ സ്മിത്തും അടിച്ചുതകർത്തതോടെ വിൻഡിസ് നിശ്ചിത 20 ഓവറിൽ 140 എന്ന സ്കോറിലെത്തി.

   

ശരാശരി ലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ അയർലണ്ടിന് തട്ടുപൊളിപ്പൻ തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ക്യാപ്റ്റൻ ബാൽബിർണി (37) ആദ്യം മുതലേ അടിച്ചുതകർത്തു. പോൾ സ്റ്റിർലിങ്ങും ഒപ്പം ചേർന്നതോടെ അയർലണ്ടിന് കാര്യങ്ങൾ അനായാസമായി. ബാൽബിർണി പുറത്തായ ശേഷമെത്തിയ ടക്കറും(45) ക്രീസിൽ ഉറച്ചു. മത്സരത്തിൽ 48 പന്തുകളിൽ 66 റൺസായിരുന്നു സ്റ്റിർലിംഗ് നേടിയത്. സ്റ്റിർലിങ്ങിന്റെ വെടിക്കെട്ടിൽ അയർലൻഡ് അനായാസം വിജയത്തിലെത്തി. മത്സരത്തിൽ 9 വിക്കറ്റുകൾക്കാണ് അയർലൻഡ് വിജയം കണ്ടത്.

   

ഇതോടെ ആദ്യ റൗണ്ടിലെ ഗ്രൂപ്പ് ബിയിൽ നിന്ന് സൂപ്പർ 12ൽ എത്തുന്ന ആദ്യ ടീമായി അയർലൻഡ് മാറി ൽ. ഗ്രൂപ്പ് ബിയിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി വിൻഡിസും. പല കാരണങ്ങൾ കൊണ്ടും വളരെയധികം ഞെട്ടലുളവാക്കുന്ന ഒന്നു തന്നെയാണ് വിൻഡീസിന്റെ ഈ പുറത്താകൽ. ഇത് വരും ദിവസങ്ങളിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *