ഒക്ടോബർ 23ന് നടക്കുന്ന ഇന്ത്യ-പാക്ക് മത്സരത്തിൽ ഏറ്റവുമധികം ശ്രദ്ധേയമാകാൻ പോകുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് ഇന്ത്യൻ മുൻനിര എങ്ങനെയാണ് ഷാഹിൻ അഫ്രിദിയെ നേരിടുക എന്നതാണ്. മറ്റൊന്ന് ഇന്ത്യ ഫാസ്റ്റ് ബോളർമാർ ബുംറയുടെ അഭാവത്തിൽ എങ്ങനെ പാക്കിസ്ഥാൻ കോട്ടകൾ തകർക്കുമെന്നത്. ബുമ്രയുടെ അഭാവം ഇന്ത്യയെ സാരമായി ബാധിക്കുമ്പോഴും പാകിസ്ഥാൻ ബാറ്റർമാരെ എറിഞ്ഞിടാൻ തക്കതായ ബോളർമാർ ഇന്ത്യയ്ക്കുണ്ട് എന്നാണ് മുൻ പാക് ക്രിക്കറ്റർ ജാവേദ് പറയുന്നത്.
ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ ഇന്ത്യക്കുണ്ടായ ഏറ്റവും വലിയ നഷ്ടം ബൂമ്ര തന്നെയാണന്ന് ജാവേദ് സമ്മതിക്കുന്നു. എന്നാൽ ഇത് ഇന്ത്യയെ വലുതായി ബാധിക്കില്ല എന്നാണ് ജാവേദ് വിശ്വസിക്കുന്നത്. “ഫ്ലാറ്റ് പിച്ചുകളിൽ പോലും അത്ഭുതം കാട്ടാൻ കഴിവുള്ള ബോളറാണ് ജസ്പ്രിറ്റ് ബുമ്ര. ബുമ്രയുടെ അഭാവം ഇന്ത്യയെ വല്ലാതെ വലയ്ക്കുന്നുണ്ട്. എന്നിരുന്നാലും മുഹമ്മദ് ഷാമിയും ഭുവനേശ്വരൻ കുമാറും മുഹമ്മദ് സിറാജും മികച്ച സീം ബോളർമാർ തന്നെയാണ്. അതിനാൽതന്നെ റൺസ് കണ്ടെത്താൻ പാകിസ്ഥാൻ നന്നായി വിയർക്കും.”- ജാവേദ് പറഞ്ഞു.
“ഇന്ത്യൻ ബോളർമാരേക്കാളും മേൽക്കോയ്മ പാകിസ്ഥാൻ ബോളർമാർക്ക് ആണെങ്കിലും, ഓസ്ട്രേലിയൻ കണ്ടീഷനിൽ ആ താരതമ്യം വിലപ്പോകില്ല. ഷാമി ഒരു മികച്ച സീം ബോളർ ആണ്. പ്രത്യേകിച്ച് ഇത്തരം സഹായങ്ങൾ നൽകുന്ന പിച്ചിൽ. സിറാജും ഇത്തരം സാഹചര്യങ്ങളിൽ നല്ല ബോളറാണ്. ഭുവനേശ്വർ സീം കണ്ടീഷനിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ്.”-ജാവേദ് കൂട്ടിച്ചേർക്കുന്നു.
ഓസ്ട്രേലിയയിലെ ബോളിംഗ് സാഹചര്യത്തെക്കുറിച്ചും ജാവേദ് വാചാലനാവുകയുണ്ടായി. “ഓസ്ട്രേലിയയിൽ ക്രിക്കറ്റ് സീസൺ ആരംഭിച്ചതേ ഉള്ളൂ. ഇപ്പോൾ പിച്ച് മൃദുവാണ്. ലെങ്ത്തിലും സിംഗിലും ശ്രദ്ധിച്ചാൽ ബോളർമാർക്ക് നല്ല പിന്തുണ ലഭിക്കും.”-ജാവേദ് പറഞ്ഞുവയ്ക്കുന്നു
ഒക്ടോബർ 23ന് മെൽബണിലാണ് ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ലോകകപ്പിലെ ആദ്യ മത്സരം നടക്കുക.