ഇന്ത്യയുടെ 2022ലെ ലോകകപ്പ് ക്യാമ്പയിൻ ഒക്ടോബർ 23ന് ആരംഭിക്കുകയാണ്. സൂപ്പർ 12ലെ ആദ്യ മത്സരത്തിൽ ശക്തരായ പാക്കിസ്ഥാൻ ടീമിനെയാണ് ഇന്ത്യ നേരിടുക. അതിനുമുമ്പുള്ള തയ്യാറെടുപ്പുകൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്നെ ഇന്ത്യ ലോകകപ്പ് നേടുമൊ എന്ന ചോദ്യം ഉയർന്നിരിക്കുന്നു. ഇതിനുള്ള ഉത്തരം നൽകിയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇപ്പോൾ സംസാരിക്കുന്നത്.
ഇപ്പോൾ തങ്ങൾ സെമിയെക്കുറിച്ചോ ഫൈനലിനെക്കുറിച്ചോ ആലോചിക്കുന്നില്ലയെന്നും, ഓരോ മത്സരവും വിജയിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും രോഹിത് ശർമ പറഞ്ഞു. ” ടീമിലെ ഓരോ വ്യക്തികളും ശാന്തതയോടെ, ആത്മാർത്ഥമായി കളിക്കുകയാണെങ്കിൽ നമുക്ക് മത്സരത്തിൽ ആവശ്യമായ ഫലം ലഭിക്കും. അതിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. ലോകകപ്പ് നേടിയിട്ട് കുറച്ചധികം നാളുകളായി എന്നത് സത്യമാണ്. പക്ഷേ ശ്രദ്ധ കൂടുതൽ പെർഫോമൻസിലാണ്. “- രോഹിത് ശർമ പറഞ്ഞു.
“ഞങ്ങളുടെ ലക്ഷ്യവും ചിന്തയുമൊക്കെ ലോകകപ്പ് ജയിക്കുക എന്നത് തന്നെയാണ്. പക്ഷേ അങ്ങനെയൊരു ലക്ഷ്യത്തിലെത്തിച്ചേരാൻ ഒരുപാട് കാര്യങ്ങൾ നാം ചെയ്യേണ്ടതുണ്ട്. അതിനാൽതന്നെ ഓരോ പടികളായെ അവിടെ എത്താനാകൂ. ഓരോ മത്സരങ്ങളിലും ആരാണ് എതിരാളികൾ എന്ന് പരിശോധിച്ച് അവർക്കെതിരെയുള്ള മത്സരം ജയിക്കാൻ ശ്രമിക്കുകയാണ് ഞങ്ങൾ. അല്ലാതെ ഇപ്പോൾ തന്നെ സെമിഫൈനലിനെക്കുറിച്ചോ ഫൈനലിനെക്കുറിച്ചോ ഞങ്ങൾ ചിന്തിക്കുന്നില്ല.”- രോഹിത് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യൻ ടീമിന്റെ നായകനായി ലോകകപ്പിൽ ടീമിനെ നയിക്കാൻ സാധിച്ചതിലുള്ള സന്തോഷവും രോഹിത് ശർമ പങ്കുവയ്ക്കുകയുണ്ടായി. “ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി കളിക്കുക എന്നത് വലിയൊരു അംഗീകാരം തന്നെയാണ്. ക്യാപ്റ്റൻ എന്ന നിലയിൽ എന്റെ ആദ്യ ലോകകപ്പാണ്. അതിന്റെ ആവേശം എനിക്കുണ്ട്. എന്നെ സംബന്ധിച്ച് ഈ നിലയിൽ എന്തെങ്കിലും ചെയ്യാനുള്ള വലിയ അവസരമാണിത്.”- രോഹിത് പറഞ്ഞുവെക്കുന്നു. ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ട്വന്റി20 പരമ്പരകളിൽ തുടർച്ചയായ വിജയം കണ്ട ശേഷമായിരുന്നു ഇന്ത്യൻ ടീം ലോകകപ്പിന് ഓസ്ട്രേലിയയിൽ എത്തിയത്.