ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന പരാജയത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപോലെ ശ്രീലങ്കയുടെ ഉയർത്തെഴുന്നേൽപ്പ്. ലോകകപ്പിന്റെ ഗ്രൂപ്പ് എ യിലെ നിർണായകമായ മത്സരത്തിൽ നെതർലാൻഡ്സ് ടീമിനെ 16 റൺസിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക മത്സരത്തിൽ വിജയം കണ്ടത്. ഇതോടെ ശ്രീലങ്ക ലോകകപ്പിന്റെ സൂപ്പർ പന്ത്രണ്ടിലേക്ക് കടന്നിട്ടുണ്ട്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കൻ ബാറ്റർമാർ പതിയെയാണ് ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടത് ശ്രീലങ്കയെ ആശങ്കയിലാഴ്ത്തി. പിന്നീട് കുശാൽ മെൻഡിസ് അസലങ്കക്കൊപ്പം മൂന്നാം വിക്കറ്റിൽ കെട്ടിപ്പടുത്ത 60 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ശ്രീലങ്കയെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. അസലങ്ക പുറത്തായശേഷവും ഒരു വശത്ത് ശ്രീലങ്കയ്ക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടു. എന്നാൽ മറുവശത്ത് 44 പന്തുകളിൽ 79 റൺസ് നേടിയ മെൻഡിസ് അടിച്ചുതകർത്തു. നിശ്ചിത 20 ഓവറുകളിൽ 162 റൺസാണ് ശ്രീലങ്ക നേടിയത്.
മറുപടിബാറ്റിങ്ങിൽ അത്ര മികച്ച തുടക്കമായിരുന്നില്ല നെതർലാൻസിന് ലഭിച്ചത്. ശ്രീലങ്കൻ ബോളർമാർ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ താളം കണ്ടെത്തിയത് നെതർലാൻസിനെ ആശങ്കയിലാക്കി. മഹീഷ് തീക്ഷണയും ഹസരംഗയും കൃത്യമായി ഇടവേളകളിൽ വിക്കറ്റുകൾ കണ്ടെത്തിയതോടെ നെതർലാൻഡ്സ് ലക്ഷ്യത്തിൽ നിന്നകന്നു. ഓപ്പണർ മാക്സ് ഒഡൗട്ട്(71) മാത്രമാണ് നെതർലാൻഡ്സ് നിരയിൽ പിടിച്ചുനിന്നത്. ശ്രീലങ്കക്കായി സ്പിന്നർ ഹസരംഗ മൂന്നു വിക്കറ്റുകളാണ് മത്സരത്തിൽ വീഴ്ത്തിയത്. മത്സരത്തിൽ 16 റൺസിനായിരുന്നു ശ്രീലങ്ക വിജയം കണ്ടത്.
ആദ്യ മത്സരത്തിലെ പരാജയത്തിനുശേഷം പിന്നീടുള്ള രണ്ടു മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയാണ് ശ്രീലങ്ക സൂപ്പർ പന്ത്രണ്ടിലേക്ക് എത്തുന്നത്. അതിനാൽതന്നെ മറ്റു പല ടീമുകൾക്കും ശ്രീലങ്ക ഭീഷണിയാകുമെന്ന് ഉറപ്പാണ്. ശ്രീലങ്കയോടൊപ്പം ഗ്രൂപ്പ് എയിൽ നിന്ന് നമീബിയ സൂപ്പർ പന്ത്രണ്ടിൽ എത്താനാണ് സാധ്യത.