കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ഇന്ത്യൻ ട്വന്റി20 ടീമിനന്റെ അവിഭാജ്യഘടകമാണ് ബാറ്റർ വിരാട് കോഹ്ലി. ഏഷ്യാകപ്പിലൂടെ തന്റെ ഫോം വീണ്ടെടുത്ത കോഹ്ലി അതിന് ശേഷമുള്ള പരമ്പരകളിലും ഇന്ത്യക്കായി മികച്ച സംഭാവനകൾ നൽകിയിരുന്നു. ഏഷ്യാകപ്പിൽ ടോപ് സ്കോറർ ആയിരുന്ന കോഹ്ലി അഞ്ചുമത്സരങ്ങളിൽ നിന്ന് 276 റൺസാണ് ടൂർണമെന്റിൽ നേടിയത്. വരുന്ന ട്വന്റി20 ലോകകപ്പിൽ കോഹ്ലി ഇന്ത്യയുടെ നട്ടെല്ലാവും എന്നാണ് കരുതുന്നത്. ഇതിനെ പിന്തുണച്ചുകൊണ്ട് ഇന്ത്യൻ മുൻ കോച്ച് രവിശാസ്ത്രിയാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. കോഹ്ലി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കളിക്കാരനാവും എന്നാണ് രവിശാസ്ത്രി പറയുന്നത്. ഒപ്പം ഓസ്ട്രേലിയ കോഹ്ലിക്ക് ബാറ്റ് ചെയ്യാൻ ഏറ്റവും താല്പര്യമുള്ള സ്ഥലമാണെന്നും ശാസ്ത്രി പറഞ്ഞുവയ്ക്കുന്നു.
“എനിക്ക് തോന്നുന്നത് വിരാട് കോഹ്ലി ലോകകപ്പിനായി തയ്യാറാണെന്നാണ്. ഓസ്ട്രേലിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കോഹ്ലിക്ക് മറ്റു മാനദണ്ഡങ്ങളൊന്നും ആവശ്യമില്ല. ഓസ്ട്രേലിയൻ ജനക്കൂട്ടത്തിന്റെ മുൻപിൽ നിറഞ്ഞാടാൻ കോഹ്ലിക്ക് എന്നും ഇഷ്ടമാണ്. ഓസ്ട്രേലിയൻ പിച്ചുകളും ഇഷ്ടമാണ്. അവിടുത്തെ കോഹ്ലിയുടെ റെക്കോർഡ് പരിശോധിച്ചാൽ തന്നെ നമുക്ക് ഈ കാര്യങ്ങൾ വ്യക്തമാകും. എനിക്ക് തോന്നുന്നു കോഹ്ലി ഇത്തവണ ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന കളിക്കാരനാകുമെന്ന്.”- ശാസ്ത്രി പറഞ്ഞു.
കൂടാതെ വലിയ കളിക്കാർക്ക് വലിയ ടൂർണമെന്റുകളിലേക്ക് വരുമ്പോഴുള്ള സാഹചര്യത്തെപ്പറ്റിയും ശാസ്ത്രി പറയുകയുണ്ടായി. “കോഹ്ലിയെ പോലെയുള്ള വലിയ കളിക്കാർ ഇത്തരം വലിയ ടൂർണമെന്റ്കളിലേക്ക് വരുമ്പോൾ സാഹചര്യത്തിനൊത്ത് ഉയരാറുണ്ട്. ട്വന്റി20 ലോകകപ്പിൽ കോഹ്ലിയും അങ്ങനെ ഉയരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.”- ശാസ്ത്രി കൂട്ടിച്ചേർക്കുന്നു.
ഏഷ്യാകപ്പിന് ശേഷം ഇന്ത്യയുടെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളിലും വിരാട് കോഹ്ലി മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു കാഴ്ചവച്ചത്. ഈ വർഷം 15 ട്വന്റി20കളിൽ നിന്ന് 504 റൺസ് കോഹ്ലി കൂട്ടിച്ചേർത്തിട്ടുണ്ട്. ഓസ്ട്രേലിയയിൽ ഇതുവരെ 12 കളികളിൽ നിന്ന് 470 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്.