ഒക്ടോബർ 23ന് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം നടക്കാനിരിക്കെ പ്ലെയിങ് ഇലവനെ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിൽ പ്രധാന ചർച്ചയായി മാറിയിരിക്കുന്നത് സ്പിൻ വിഭാഗമാണ്. നിലവിൽ അക്ഷർ പട്ടേലും രവിചന്ദ്രൻ അശ്വിനും ചാഹലുമാണ് ഇന്ത്യയുടെ സ്ക്വാഡിലെ സ്പിന്നർമാർ. ഇതിൽ അക്ഷർ പട്ടേലിനെ ഇന്ത്യയുടെ പ്രധാന സ്പിന്നറായും അശ്വിനെയോ ചാഹലിനെയോ രണ്ടാം സ്പിന്നറായും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്. പാകിസ്ഥാനെതിരെ ഈ തന്ത്രമാകും വിജയം കാണുക എന്ന് ചോപ്ര പറയുന്നു.
“എന്നെ സംബന്ധിച്ച് അക്ഷർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തുന്നതാണ് ഉത്തമം. അശ്വിനെയോ ചാഹലിനെയോ രണ്ടാം സ്പിന്നറായി ഇന്ത്യ ഉൾപ്പെടുത്തണം. പാകിസ്ഥാൻ നിരയിൽ രണ്ട് ഇടംകയ്യൻ ബാറ്റർമാർ ഉള്ളതിനാൽ നമുക്ക് അശ്വിനെ പരിഗണിക്കാവുന്നതാണ്. പക്ഷേ ഇരുപത്തിമൂന്നാം തീയതി വൈകിട്ട് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ, മത്സരം നടക്കുമ്പോൾ ചാഹലാണ് കുറച്ചുകൂടി ഉത്തമം എന്ന് തോന്നുന്നു.”- ആകാശ് ചോപ്ര പറയുന്നു.
ചാഹലിനെ അശ്വിനു പകരം ഉൾപ്പെടുത്താൻ ആവശ്യപ്പെടുമ്പോൾ അതിന്റെ കാരണവും ചോപ്ര പറയുന്നുണ്ട്. “പാക്കിസ്ഥാൻ ബാറ്റർമാർക്ക് നേരിടാൻ ഏറ്റവും പ്രയാസം ലെഗ്സ്പിന്നർമാരാണ്. അവരുടെ മധ്യനിരയിൽ ഇടങ്കയ്യൻ ബാറ്റർമാരുണ്ടെങ്കിലും അവരെ പുറത്താക്കാനും ചാഹലിന് സാധിക്കും. അതാണ് ചാഹലിന്റെ പ്രത്യേകത.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
അശ്വിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ കുറച്ചധികം ആക്രമണ സ്വഭാവം കാട്ടുന്ന ബോളർ ചാഹൽ തന്നെയാണ് എന്നാൽ ബാറ്റിങ്ങും മറ്റും കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ സെലക്ടർമാർ അശ്വിനിലേക്ക് പോകേണ്ടിവരും. കാരണം ചാഹാലിനെക്കാൾ ഉപകാരപ്രദമായ ബാറ്ററാണ് രവിചന്ദ്രൻ അശ്വിൻ. എന്തായാലും ഒക്ടോബർ 23ന് ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ലഭിക്കും.