പണ്ട് ഇന്ത്യ പാകിസ്ഥാനെതിരെ എല്ലാ ലോകകപ്പ് മത്സരങ്ങളും വിജയിച്ചിരുന്നു!! എന്നാൽ ആ സമയം കഴിഞ്ഞു : ബട്ട്

   

ക്രിക്കറ്റിലെ ഏറ്റവുമധികം ആവേശകരമായ പോരാട്ടം നടക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ്. ലോകകപ്പുകളിലും മറ്റു വലിയ ടൂർണമെന്റ്കളിലും മാത്രം കാണാൻ സാധിക്കുന്ന ഈ യുദ്ധത്തിന് 2022 ട്വന്റി20 ലോകകപ്പ് വേദിയൊരുക്കുകയാണ്. ഒക്ടോബർ 23ന് സൂപ്പർ 12ലെ മത്സരത്തിലാണ് ഇന്ത്യ പാകിസ്താനെ നേരിടാൻ പോകുന്നത്. എന്നാൽ അതിനുമുമ്പ് ഇന്ത്യ വളരെ വലിയ സമ്മർദ്ദത്തിൽ തന്നെയാണുള്ളതെന്നാണ് മുൻ പാക് തരം സൽമാൻ ബട്ട് പറയുന്നത്. കഴിഞ്ഞ മത്സരങ്ങളിൽ പാകിസ്ഥാനോടേറ്റ പരാജയങ്ങൾ ഇന്ത്യയുടെ മനസ്സിൽ എപ്പോഴുമുണ്ടാവും എന്ന് ബട്ട് പറയുന്നു.

   

പാക്കിസ്ഥാനെതിരായ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഈ ലോകകപ്പിലും അതൊരു ഘടകമായി മാറുമെന്നാണ് ബട്ടിന്റെ പക്ഷം. “കഴിഞ്ഞ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണയും ഇന്ത്യയെ പാകിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യയുടെ മനസ്സിൽ എപ്പോഴുമുണ്ടാവും. പാക്കിസ്ഥാനെ മൃദുവായി കാണാനാവില്ല എന്ന് ഇന്ത്യക്കറിയാം. 2021 ലെ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ മഞ്ഞുതുള്ളികളും ടോസും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ ഏഷ്യാകപ്പിലെ സൂപ്പർ നാല് മത്സരത്തിൽ അങ്ങനെയല്ല സംഭവിച്ചത്.”- ബട്ട് പറയുന്നു.

   

“കഴിഞ്ഞ കാലങ്ങളിൽ പാക്കിസ്ഥാനെതിരായ എല്ലാ ലോകകപ്പ് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ ആ സമയം അവസാനിച്ചിരിക്കുന്നു. ഇപ്പോൾ ഇരുടീമുകൾക്കും അറിയാം, ആരാണോ ആ ദിവസം നന്നായി കളിക്കുന്നത് അവർ വിജയിക്കും.”- സൽമാൻ ബട്ട് കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം ഷാഹിൻ അഫ്രീദിയും ഫക്കർ സമനും ഇന്ത്യയ്ക്കെതിരെ കളിക്കണമെന്നും ബട്ട് പറയുകയുണ്ടായി. ഇന്ത്യക്കെതിരെ ഷാഹിൻ അഫ്രീദിയ്ക്ക് വിശ്രമം നൽകിയ ശേഷം മറ്റൊരു മോശം ടീമിനെതിരെ കളിപ്പിച്ച് 3-4 വിക്കറ്റുകൾ വീഴ്ത്തിയാൽ അത് ഒരുപാട് വിമർശനങ്ങൾ കേൾക്കാൻ കാരണമാകുമെന്നും ബട്ട് പറഞ്ഞു. എന്തായാലും ഒക്ടോബർ 23നായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *