പന്തിനെ ഇന്ത്യയ്ക്ക് അങ്ങനെ തള്ളിക്കളയാനാവില്ല!! കാരണമിതാണ്

   

കഴിഞ്ഞ കുറച്ചധികം മത്സരങ്ങളായി ഒരുപാട് വിമർശനങ്ങൾ കേൾക്കുന്ന ക്രിക്കറ്ററാണ് റിഷഭ് പന്ത്. ഇന്ത്യയുടെ ഏഷ്യകപ്പടക്കമുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ റിഷഭ് പന്തിന് സാധിച്ചിരുന്നില്ല. പക്ഷേ ലോകകപ്പ് സ്ക്വാഡിൽ പന്ത് ഇടംപിടിച്ചു. ഇപ്പോൾ പന്ത് ഇന്ത്യയുടെ X ഫാക്ടറായി മാറുമെന്നാണ് ഒരുപാട് മുൻ ക്രിക്കറ്റർമാർ വിലയിരുത്തിയിരിക്കുന്നത്. അതേ അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്നയും. ലോകകപ്പിലെ ഒന്നോ രണ്ടോ മത്സരങ്ങളിലെങ്കിലും പന്ത് ഇന്ത്യൻ നിരയിൽ കളിക്കുമെന്നാണ് റെയ്ന പറയുന്നത്.

   

ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിലെ ഒരു X ഫാക്ടർ തന്നെയാണ് പന്ത് എന്ന് റെയ്ന പറയുന്നു. “പന്ത് ഒരു പ്രധാനപ്പെട്ട ക്രിക്കറ്ററാണ്. മുൻപും ഓസ്ട്രേലിയയിൽ അയാൾ വളരെ നന്നായി കളിച്ചിട്ടുണ്ട്. അവിടെ സെഞ്ച്വറി നേടി ഇന്ത്യയെ ടെസ്റ്റ് മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് നിര പരിശോധിച്ചാൽ ഒന്നുമുതൽ ആറു വരെയുള്ള പൊസിഷനുകളിൽ ഒരു ഇടംകയ്യൻ ബാറ്റർ പോലുമില്ല. അതിനാൽ ഇന്ത്യയെ സംബന്ധിച്ച് പന്ത് ഒരു X ഫാക്ടർ തന്നെയാണ്. എങ്ങനെ ഇന്ത്യ അയാളെ ഉപയോഗിക്കുന്നുവെന്നതും പ്രധാനപ്പെട്ടതാണ്”- റെയ്‌ന പറയുന്നു.

   

“അയാൾ കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു ക്രിക്കറ്ററാണ്. സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് പന്തിന് നന്നായി അറിയാം. അവനെ ടീമിൽ കളിപ്പിക്കാൻ മാനേജ്മെന്റ് തയ്യാറാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനാൽതന്നെ ഒന്നോ രണ്ടോ മത്സരങ്ങളിലെങ്കിലും പന്തിന്റെ കളി നമുക്ക് കാണാനാവും.”- റെയ്‌ന കൂട്ടിച്ചേർക്കുന്നു.

   

ഇതോടൊപ്പം ടീമിന്റെ മധ്യനിരയിൽ ഒരു ഇടംകയ്യൻ ബാറ്ററുടെ പ്രാധാന്യത്തെപറ്റിയും റെയ്ന വാചാലനാവുകയുണ്ടായി. 2007ലും 2011ലും 2013ലും യുവരാജും ഗംഭീറും താനും ഇടങ്കയ്യന്മാരായി ടീമിൽ ഉണ്ടായിരുന്നത് ടീമിന് ഗുണമായിട്ടുണ്ടെന്നും റെയ്ന പറയുന്നു. ഇക്കാരണങ്ങൾകൊണ്ടാണ് പന്തിനെ റെയ്ന പിന്തുണയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *