എക്കാലത്തും ഇന്ത്യൻ ടീം മറക്കാൻ ശ്രമിക്കുന്ന ടൂർണമെന്റാണ് 2021 ട്വന്റി20 ലോകകപ്പ്. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകേണ്ടിവന്നത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടി തന്നെയായിരുന്നു. എന്നാൽ ഇതിന്റെ ക്ഷീണം മാറ്റുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇന്ത്യ 2022 ലോകകപ്പിന് ഇറങ്ങുന്നത്. ഒക്ടോബർ 23 മുതലാണ് ഇന്ത്യയുടെ ഈ ലോകകപ്പിലെ മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യയുടെ മത്സരക്രമവും മറ്റു വിവരങ്ങളും ശ്രദ്ധിക്കാം.
സൂപ്പർ 12ലെ ഇന്ത്യയുടെ ആദ്യ മത്സരം. നടക്കുന്നത് പാക്കിസ്ഥാനെതിരെയാണ് ഒക്ടോബർ 23 ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1:30നാണ് ഈ മത്സരം നടക്കുക. മെൽബണാണ് മത്സരത്തിന് വേദിയാകുന്നത്. കഴിഞ്ഞ ലോകകപ്പിൽ പാകിസ്താനോടേറ്റ വമ്പൻ പരാജയത്തിന് മറുപടി നൽകാനാവും ഇന്ത്യ ഇറങ്ങുക.
ഒക്ടോബർ 27 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. മത്സരത്തിൽ ഇന്ത്യ ആദ്യ റൗണ്ടിലെ ഗ്രൂപ്പ് എ റണ്ണേഴ്‌സ്അപ്പിനെ നേരിടും. ഉച്ചയ്ക്ക് 12:30ന് സിഡ്നി മൈതാനത്താണ് മത്സരം നടക്കുക.
സൂപ്പർ 12ലെ ഇന്ത്യയുടെ മൂന്നാം മത്സരം ഒക്ടോബർ 30ന് പെർത്തിലാണ് നടക്കുക. ഇന്ത്യൻ സമയം വൈകിട്ട് 4.30ന് നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ദക്ഷിണാഫ്രിക്കെതിരെ ഇക്കഴിഞ്ഞ ടൂർണമെന്റ് 1-0ന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക.
റൗണ്ടിലെ ഇന്ത്യയുടെ നാലാം മത്സരം നടക്കുന്നത് അഡ്ലൈഡ് മൈതാനത്താണ്. നവംബർ രണ്ടിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. 1:30നാണ് മത്സരം.
നവംബർ 6നാണ് ഇന്ത്യയുടെ സൂപ്പർ 12ലെ അവസാന മത്സരം. മത്സരത്തിൽ ആദ്യ റൗണ്ട് മത്സരങ്ങളിലെ ഗ്രൂപ്പ് ബി വിജയിയെ ഇന്ത്യ നേരിടും. ഉച്ചതിരിഞ്ഞ് 1:30ന് മെൽബണിലാണ് മത്സരം നടക്കുക. എന്തായാലും ഈ മത്സരങ്ങളൊക്കെയും ജയിച്ച് വമ്പൻ കുതിപ്പിനാണ് ഇന്ത്യ ശ്രമിക്കുന്നത്.