ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് സംബന്ധിച്ച പൂർണമായ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുമ്രയ്ക്ക് പകരം ഷാമിയെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇത്തവണത്തെ ലോകകപ്പിനിറങ്ങുക. ബോളർമാരുടെ ഫോമിനെ റ്റി പല ആശങ്കകൾ നിലനിൽക്കുമ്പോഴും ഇന്ത്യയെ സംബന്ധിച്ച് ഏത് വിധേനയും ലോകകപ്പ് സ്വന്തമാക്കുക എന്നതാണ് ലക്ഷ്യമായി മുൻപിൽ ഉള്ളത്. നിലവിൽ ഇന്ത്യയുടെ ആശങ്കയുള്ള വിഭാഗം ബോളിംഗ് തന്നെയാണ്. അതിനാൽ ഏതൊക്കെ ബോളർമാരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനെ സംബന്ധിച്ച് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ബാറ്റർ റോബിൻ ഉത്തപ്പ.
ടീമിന്റെ ബോളിംഗ് കോമ്പിനേഷൻ തിരഞ്ഞെടുക്കുമ്പോൾ ഇന്ത്യ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപറ്റിയാണ് റോബിൻ ഉത്തപ്പ പറയുന്നത്. “ഷാമി നേരിട്ട് ടീമിലേക്ക് എത്തുമെന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നാൽ ഹർദിക് പാണ്ഡ്യ ടീമിൽ സ്ഥിരസാന്നിധ്യമായ സാഹചര്യത്തിൽ എത്ര ഫാസ്റ്റ് ബോളർമാരെ ഉൾപ്പെടുത്തണം എന്നത് ചോദ്യമാണ്. എന്തായാലും ഇടങ്കയ്യൻ ബോളർമാർക്ക് കൃത്യമായ ആംഗിൾ സഹായകരമാകും. അതിനാൽ അർഷദീപ് സിംഗും ടീമിൽ ആവശ്യമാണ്.
പ്രത്യേകിച്ച് ന്യൂ ബോളിൽ. ഇക്കാരണംകൊണ്ട് തന്നെ അർഷദീപ് സിംഗ്, ഭൂവനേശ്വർ കുമാർ, ഷാമി എന്നിവരെയാണ് ടീമിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നത്”- ഉത്തപ്പ പറയുന്നു. “ഇതോടൊപ്പം ടീമിലെ സ്ഥാനത്തിനായി ഭുവനേശ്വറും ഹർഷലും തമ്മിൽ ഒരു മത്സരവുമുണ്ടാവും. ഇരുവരുടെയും നിലവിലെ ഫോം ടീമിൽ കളിക്കുന്നതിൽ പ്രധാന ഘടകമാവും. അടുത്ത രണ്ട് പരിശീലന മത്സരങ്ങളിലും ഈ രണ്ടു ബോളർമാർ എങ്ങനെ കളിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്.
ഇതാവും ഇരുവരുടെയും ടീമിലെ സ്ഥാനം നിർണയിക്കുന്നത്. “-റോബിൻ ഉത്തപ്പ പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് ഡെത്ത് ഓവർ ബോളിംഗ് എന്നത് കഴിഞ്ഞ സമയങ്ങളിൽ വലിയ ശാപമായി തന്നെയാണ് തുടരുന്നത്. ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും അവസാന ഓവറുകളിൽ ഒരുപാട് റൺസ് വഴങ്ങിയിരുന്നു. ഓസ്ട്രേലിയയിൽ ഇവർ ഇത് ആവർത്തിക്കില്ല എന്നാണ് പ്രതീക്ഷ.