2021ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഭീഷണിയുണ്ടാക്കിയ ബോളറായിരുന്നു പാകിസ്താന്റെ ഷാഹിൻ അഫ്രീദി. 2021 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മുൻനിരയെ അഫ്രീദി അനായാസം വിറപ്പിച്ചു. ആ ഞെട്ടലിൽ നിന്ന് കരകയറാൻ ഇന്ത്യൻ ടീമിന് ടൂർണമെന്റിൽ സാധിച്ചില്ല എന്നത് വാസ്തവമാണ്. കഴിഞ്ഞ കുറച്ചു മത്സരങ്ങളായി പരിക്ക് മൂലം ടീമിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഷാഹിൻ അഫ്രീദി. എന്നാൽ ലോകകപ്പിൽ അഫ്രീദി പാകിസ്ഥാൻ ടീമിലേക്ക് തിരിച്ചെത്തി. ഇത്തവണ ഇന്ത്യൻ ബാറ്റർമാർ ഷാഹിൻ അഫ്രീദിയെ എങ്ങനെ നേരിടണം എന്നതിന്റെ സൂചന നൽകുകയാണ് മുൻ ഇന്ത്യൻ ബാറ്റർ ഗൗതം ഗംഭീർ.
ഒക്ടോബർ 23ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ ഏത് മനോഭാവത്തോടെ ഷാഹിൻ അഫ്രീദിയെ നേരിടണം എന്ന് ഗംഭീർ പറയുന്നു. അഫ്രീദിയെ നേരിടുമ്പോൾ ഇന്ത്യ പൂർണമായും പോസിറ്റീവായിരിക്കണം എന്നാണ് ഗംഭീർ പറയുന്നത്. ” ഷാഹിൻ അഫ്രിദിക്കെതിരെ അതിജീവനത്തിനല്ല ഇന്ത്യ ശ്രമിക്കേണ്ടത്. അയാളുടെ പന്തിൽ റൺസ് നേടാൻ തന്നെ ശ്രമിക്കണം. കാരണം നമ്മൾ അതിജീവനത്തിന് ശ്രമിക്കുന്ന സമയത്ത് എല്ലാം വളരെ ചെറുതായി മാറും. അത് പാടില്ല. “- ഗംഭീർ പറയുന്നു.
ഇതോടൊപ്പം ഷാഹിൻ അഫ്രീദിയെ അടിച്ചുതൂക്കാൻ പാകത്തിന് നിലവാരമുള്ള ബാറ്റർമാർ ഇന്ത്യക്കുണ്ട് എന്നും ഗംഭീർ പറയുന്നു. “എന്ത് കാരണം കൊണ്ടാണെങ്കിലും ട്വന്റി20 ക്രിക്കറ്റിൽ അതിജീവനം എന്നത് പ്രയാസകരമാണ്. എനിക്കറിയാം ഷാഹിൻ അപകടകാരിയാണ്. പ്രത്യേകിച്ച് ന്യൂബോളിൽ. പക്ഷേ നിലവാരമുള്ള ഒരു മുൻനിര തന്നെയാണ് ഇന്ത്യൻ ടീമിനുള്ളത്. അവർക്ക് ഷാഹിൻ അഫ്രിദിയെ പ്രതിസന്ധിയിലാക്കാൻ അനായാസം സാധിക്കും.”- ഗംഭീർ കൂട്ടിച്ചേർക്കുന്നു.
ഏഷ്യാകപ്പിലൂടെ ഷാഹിൻ അഫ്രിയെ നേരിട്ട് ഇന്ത്യൻ നിര പരിചിതമാവുന്നതായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പരിക്കുമൂലം ഷാഹിൻ അഫ്രീദി ഏഷ്യാകപ്പിൽ നിന്ന് വിട്ടുനിന്നു. നിലവിൽ ലോകകപ്പിലേക്ക് വരുമ്പോൾ ഷാഹിൻ ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ഭീഷണി തന്നെയാണ്.