വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ രണ്ടാം പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയമായ പരാജയം. ആദ്യ പരിശീലനമത്സരത്തിലെ വിജയത്തിന് ശേഷമിറങ്ങിയ ഇന്ത്യ 36 റൺസിനാണ് മത്സരത്തിൽ പരാജയപ്പെട്ടത്. രോഹിത്തും കോഹ്ലിയും സൂര്യകുമാറും ബാറ്റുചെയ്യാതിരുന്ന മത്സരത്തിൽ കെ എൽ രാഹുൽ ഒഴികെയുള്ള മറ്റൊരു ബാറ്റർക്കും ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. ലോകകപ്പിലേക്ക് കടക്കുന്നതിന് മുമ്പ് ഇന്ത്യയുടെ ആത്മവിശ്വാസം കുറയ്ക്കുന്നതാണ് ഈ പരാജയം.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ജോഷ് ഫിലിപ്പിനെ(8) ആദ്യമേ നഷ്ടമായെങ്കിലും ഷോർട്ടും ഹോബ്സനും ചേർന്ന് നല്ല തുടക്കം തന്നെയാണ് വെസ്റ്റേൺ ഓസ്ട്രേലിയ ടീമിന് നൽകിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും 110 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു. 41 പന്തുകളിൽ 64 റൺസ് നേടിയ ഹോബ്സനായിരുന്നു ഇന്നിങ്സിൽ നെടുംതൂണായത്. എന്നാൽ ഇരുവരുടെയും വിക്കറ്റിനുശേഷം വെസ്റ്റേൺ ഓസ്ട്രേലിയ തകർന്നു. രവിചന്ദ്രൻ അശ്വിന്റെ അവിസ്മരണീയമായ സ്പെല്ലിൽ വെസ്റ്റേൺ ഓസ്ട്രേലിയ വിറച്ചു.
അങ്ങനെ വെസ്റ്റേൺ ഓസ്ട്രേലിയയുടെ സ്കോർ നിശ്ചിത 20 ഓവറുകളിൽ 168 ൽ ഒതുങ്ങി. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ മൂന്നും ഹർഷൽ പട്ടേൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഓപ്പണർ റിഷഭ് പന്ത് വീണ്ടും പരാജയപ്പെട്ടത് ഇന്ത്യക്ക് തലവേദനയായി. പിന്നീട് വന്ന ബാറ്റർമാർക്കും പിടിച്ചുനിൽക്കാനായില്ല. ഒരുവശത്ത് കെഎൽ രാഹുൽ ക്രീസിൽ ഉറച്ചപ്പോൾ മറുവശത്ത് ഒരു ഘോഷയാത്ര തന്നെയാണ് കണ്ടത്. 55 പന്തുകളിൽ 74 റൺസ് നേടിയ കെഎൽ രാഹുൽ മാത്രമാണ് ഗൗരവത്തോടെ കളിയെ സമീപിച്ചത്.
ദീപക് ഹൂഡയും(6) ദിനേശ് കാർത്തിക്കുമൊക്കെ(10) ലഭിച്ച അവസരം കളഞ്ഞു കുളിച്ചപ്പോൾ ഇന്ത്യ പരാജയത്തിലേക്ക് നീങ്ങി. നിശ്ചിത 20 ഓവറുകളിൽ 132 റൺസ് നേടാനേ ഇന്ത്യക്ക് സാധിച്ചുള്ളൂ. മത്സരത്തിൽ 36 റൺസിന് വെസ്റ്റേൺ ഓസ്ട്രേലിയ വിജയം കാണുകയും ചെയ്തു.