വീണ്ടും ബാറ്റിംഗിൽ പരാജയമായി പന്ത് 2ആം പരിശീലനമത്സരത്തിൽ വെറും 9 റൺസ്

   

ഒരുപാട് കാറുകൾ ഷെഡിൽ കിടക്കുമ്പോൾ ബൈക്കുമായി മഴ നനഞ്ഞ് യാത്ര ചെയ്യുന്ന രീതിയിലാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിന്റെ സെലക്ഷൻ നടന്നത്. ഇഷാൻ കിഷനും സഞ്ജു സാംസനുമൊക്കെ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും, സ്‌ക്വാഡിൽ എടുക്കാതെ മോശം ഫോമിലുള്ള റിഷഭ് പന്തിനെ വീണ്ടും വീണ്ടും സ്ക്വാഡിൽ എടുക്കുകയാണ് ഇന്ത്യ. കഴിഞ്ഞ ഏഷ്യാകപ്പിലടക്കം മോശം ഫോമിൽ കളിച്ച പന്തിൽ നിന്ന് ഇന്ത്യ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഇപ്പോഴും ചുരുളഴിയാത്ത രഹസ്യമാണ്. ഓസ്ട്രേലിയയിൽ നടന്ന ഇന്ത്യയുടെ രണ്ട് പരിശീലനമത്സരങ്ങളിലും മോശം പ്രകടനങ്ങൾ നടത്തി വിമർശനങ്ങൾക്ക് ആക്കം കൂട്ടുകയാണ് പന്ത് ഇപ്പോൾ.

   

വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ പരിശീലന മത്സരത്തിൽ രോഹിതിനൊപ്പം ഓപ്പണറായായിരുന്നു പന്ത് ഇറങ്ങിയത്. മത്സരത്തിൽ 17 ബോളുകൾ നേരിട്ട് പന്ത് ഒമ്പത് റൺസ് മാത്രമായിരുന്നു നേടിയത്. ഇതിന്റെ തുടർച്ച തന്നെയാണ് ഇപ്പോൾ രണ്ടാം പരിശീലനമത്സരത്തിലും കണ്ടത്. വീണ്ടും ഓപ്പണറായി ഇറങ്ങാൻ അവസരം ലഭിച്ചിട്ടും പന്ത് അത് നശിപ്പിച്ചു. മത്സരത്തിൽ 11 ബോളുകൾ നേരിട്ട പന്ത് വെറും ഒൻപതു റൺസ് മാത്രമാണ് നേടിയത്. പന്തിന്റെ ഈ മോശം ഫോം ഇന്ത്യയെ ലോകകപ്പിൽ ബാധിക്കും എന്ന കാര്യത്തിൽ സംശയവുമില്ല.

   

ഇക്കഴിഞ്ഞ ഏഷ്യാകപ്പിലടക്കം പന്ത് ഈ മോശം ഫോം തുടരുന്ന സാഹചര്യമാണ് ഉള്ളത്. ഏഷ്യകപ്പിൽ നാലു മത്സരങ്ങളിൽ നിന്ന് വെറും 51 മാത്രമായിരുന്നു പന്ത് നേടിയത്. ഒരുപാട് മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാർ പുറത്ത് അവസരങ്ങൾക്കായി നിൽക്കുമ്പോൾ ഇത്രയധികം പരാജയങ്ങൾക്ക് ശേഷവും പന്തിന് അവസരങ്ങൾ നൽകുന്നത് വളരെയേറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

   

ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങളായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ട്വന്റി20യിലും ഏകദിനക്രിക്കറ്റിലും മികച്ച ഫോമിൽ തുടരുന്ന സഞ്ജുവിനെ സ്ക്വാഡിൽ നിന്ന് പുറത്താക്കിയത് മുമ്പ് ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് റിഷഭ് പന്തിന്റെ പരിശീലനമത്സരങ്ങളിലെ ഈ മോശം പ്രകടനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *