ലേഡി സേവാഗിന്റെ വെടിക്കെട്ട് തകർത്തടിച്ച്, പറന്നടിച്ച് ഇന്ത്യ ഏഷ്യകപ്പ്‌ ഫൈനലിൽ

   

വനിതാ ഏഷ്യാകപ്പിൽ തായ്‌ലന്റിനെ തകർത്ത് ഇന്ത്യയുടെ പെൺകരുത്ത് ഫൈനലിലേക്ക്. തീർത്തും ഏകപക്ഷീയമായിരുന്ന സെമി ഫൈനലിൽ തായ്‌ലൻഡിനെ 74 റൺസിന് തകർത്താണ് ഇന്ത്യൻ വനിതാ ടീം ഫൈനലിൽ എത്തിയത്. തായ്‌ലൻഡിനെതിരെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്. ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ-ശ്രീലങ്ക രണ്ടാം സെമി ഫൈനലിലെ വിജയികളാവും ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ തായ്‌ലൻഡ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ഓപ്പണർ ഷഫാലി വർമ ഇന്ത്യക്കായി വെടിക്കെട്ടോടെയാണ് മത്സരം ആരംഭിച്ചത്. സ്മൃതി മന്ദനയോടൊപ്പം ചേർന്ന് ആദ്യ വിക്കറ്റിൽ തരക്കേടില്ലാത്ത കൂട്ടുകെട്ടായിരുന്നു ഷഫാലി വർമ കൂട്ടിച്ചേർത്തത്. മത്സരത്തിൽ 28 പന്തുകളിൽ 5 ബൗണ്ടറികളും ഒരു സിക്സറുമടക്കം 42 റൺസാണ് ഷഫാലി നേടിയത്. ഇരുവരും പുറത്തായ ശേഷം റോഡ്രിഗാസും (27) ഹർമൻപ്രീറ്റും(36) തരക്കേടില്ലാത്ത ബാറ്റിംഗ് കാഴ്ചവച്ചതോടെ ഇന്ത്യ 148 എന്ന സ്കോറിൽ എത്തി.

   

മറുപടി ബാറ്റിംഗിൽ മത്സരത്തിന്റെ ഒരു ഭാഗത്ത് പോലും ഇന്ത്യയുടെ സ്കോറിന് അടുത്തെത്താൻ തായ്‌ലൻഡ് ടീമിനായില്ല. തായ്‌ലൻഡിന്റെ ആദ്യ വിക്കറ്റുകൾ വീഴ്ത്തി ദീപ്തി ശർമയാണ് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചത്. ക്യാപ്റ്റൻ ചെയ്‌വായും ബുചാത്തവും (21) മാത്രമായിരുന്നു തായ്‌ലൻഡ് നിരയിൽ രണ്ടക്കം കണ്ടത്. ഇന്ത്യക്കായി മത്സരത്തിൽ ദീപ്തി ശർമ്മ നിശ്ചിത നാലോവറുകളിൽ 7 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

   

എന്തായാലും മികച്ച പ്രകടനങ്ങളോടെ തന്നെയാണ് ഇന്ത്യൻ ടീം ഏഷ്യാകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്. ടൂർണമെന്റിലുടനീളം ബാറ്റിങ്ങിലും ബോളിങ്ങിലും വമ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ വിജയിച്ച് ജേതാക്കളാകും എന്നാണ് പ്രതീക്ഷ. മറ്റന്നാളാണ് ഏഷ്യാകപ്പിന്റെ ഫൈനൽ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *