ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ സഞ്ജു സാംസണെപോലെ അവഗണിക്കപ്പെട്ട മറ്റൊരു ക്രിക്കറ്ററാണ് കുൽദീപ് യാദവ്. ലോകകപ്പ് തിരഞ്ഞെടുപ്പിന് മുൻപ് നടന്ന പരമ്പരകളിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും സെലക്ടർമാർ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ തന്നെ ഇത് ഒരുതരത്തിലും ബാധിക്കില്ല എന്നാണ് കുൽദീപ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്. നിലവിൽ ഇന്ത്യയുടെ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ ട്വന്റി20 ലോകകപ്പ് കളിക്കാൻ അർഹരായിട്ടുള്ളവരാണെന്നും കുൽദീപ് പറഞ്ഞു.
കുൽദീവ് യാദവിന് പകരം ചാഹലിനെയും അക്ഷർ പട്ടേലിനെയും അശ്വിനെയുമായിരുന്നു ഇന്ത്യ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നത്. തന്റെ പരിക്കിന് ശേഷം താളം വീണ്ടെടുക്കാൻ താൻ എത്ര കഠിനമായി പ്രയത്നിച്ചു എന്നതിനെകുറിച്ചാണ് കുൽദീപ് പറയുന്നത്. “പരിക്കിന് ശേഷം ബോളിങ്ങിനുള്ള എന്റെ താളം കണ്ടെത്താൻ ഞാൻ അങ്ങേയറ്റം പ്രയത്നിച്ചു. അതിന്റെ ഫലമായി എനിക്ക് കുറച്ചധികം പേസും ലഭിച്ചു. എന്നിരുന്നാലും ബോൾ സ്പിൻ ചെയ്യാനുള്ള കഴിവ് ഞാൻ വിട്ടില്ല.
ബോളിന്റെ സ്പീഡ് കൂട്ടുന്നതും എന്റെ ടേണും ബാറ്റർമാരെ കുഴയ്ക്കുന്നുണ്ട്. ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കാത്തതിൽ എനിക്ക് നിരാശയില്ല. കാരണം ഞാൻ എന്റെ പ്രക്രിയയിൽ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കുന്നത്.”- കുൽദീപ് യാദവ് പറഞ്ഞു. “എന്റെ ബോളിങ്ങിൽ എങ്ങനെ മെച്ചം കൊണ്ടുവരാം എന്ന് ഞാൻ നന്നായി ശ്രദ്ധിച്ചിരുന്നു. അതിനാൽതന്നെ എനിക്ക് നിരാശയില്ല. മാത്രമല്ല ലോകകപ്പ് സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാരെല്ലാം അത് കളിക്കാൻ അർഹർ തന്നെയാണ്.”- കുൽദീപ് യാദവ് കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ വളരെ മികച്ച ബോളിംഗ് പ്രകടനം തന്നെയായിരുന്നു കുൽദീവ് യാദവ് കാഴ്ചവെച്ചത്. 4 ഓവറുകൾ ബോൾ ചെയ്ത യാദവ് 18 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്. ഈ ബോളിഗ് മികവിലായിരുന്നു മത്സരത്തിൽ ഇന്ത്യ കൂറ്റൻ വിജയം നേടിയത്.