ബുമ്രയ്ക്ക് പകരക്കാരനായി വരേണ്ടത് അവനാണ് ഷാമിയും ചാഹറുമല്ല

   

ട്വന്റി20 ലോകകപ്പിൽ ജസ്പ്രീറ്റ് ബുമ്രയ്ക്ക് പകരക്കാരനായി ആരെ ടീമിൽ ഉൾപ്പെടുത്തണമെന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. മുഹമ്മദ് ഷാമി, ദീപക് ചഹർ എന്നിവരുടെ പേരുകളാണ് പകരക്കാരുടെ ലിസ്റ്റിൽ ആദ്യം ഉണ്ടായിരുന്നത്. എന്നാൽ ദീപക് ചാഹർ പരിക്കുമൂലം ട്വന്റി20 ലോകകപ്പിൽ നിന്ന് ഒഴിവായിട്ടുണ്ട്. അതേസമയം തന്റെ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ മുഹമ്മദ് ഷാമിക്ക് സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ ട്വന്റി20 സ്ക്വാഡിൽ മുഹമ്മദ് സിറാജിനെയാണ് ഉൾപ്പെടുത്തേണ്ടത് എന്ന അഭിപ്രായം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ പരമ്പര കൂടെ അവസാനിക്കുമ്പോൾ മികച്ച ഓപ്ഷൻ മുഹമ്മദ് സിറാജാണ് എന്ന് ജാഫർ പറയുന്നു.

   

“സിറാജിനെകുറിച്ച് ഇന്ത്യ ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം കഴിഞ്ഞ കുറച്ചു മത്സരങ്ങളായി സിറാജ് സ്ഥിരത കാട്ടുന്നുണ്ട്. കിട്ടിയ അവസരങ്ങളിൽ എല്ലാം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനും സിറാജിന് സാധിക്കുന്നുണ്ട്. അയാൾ വിക്കറ്റുകളും സ്വന്തമാക്കുന്നുണ്ട്. മാത്രമല്ല ബാറ്റർമാർക്ക് ഭീഷണിയുമായി മാറുന്നുണ്ട്. ഒരു ക്യാപ്റ്റന് എപ്പോൾ വേണമെങ്കിലും ബോൾ ഏൽപ്പിക്കാവുന്ന ഒരു ബോളർ തന്നെയാണ് മുഹമ്മദ് സിറാജ്.”- ജാഫർ പറയുന്നു.

   

“ചില സമയങ്ങളിൽ സിറാജ് റൺസ് വിട്ടുനൽകുന്നുണ്ട്. എന്നാൽ രണ്ടാം ഏകദിനത്തിലും അവസാന ഏകദിനത്തിലും അയാൾ നിർണായകമായ വിക്കറ്റുകൾ വീഴ്ത്തുകയുണ്ടായി. രണ്ടാം മത്സരത്തിലെ അവസാന ഓവറുകളിൽ സിറാജ് നന്നായി ബോൾ ചെയ്തു. ഇത്ര സ്ഥിരതയോടെ കളിക്കുന്നതിനാൽ തന്നെ ഇന്ത്യയ്ക്ക് സിറാജിന്റെ കാര്യം ആലോചിക്കാവുന്നതാണ്. അതിനാൽ ഷാമിയെക്കാളും മികച്ച ചോയ്സ് സിറാജ് തന്നെയാണ്.”- ജാഫർ കൂട്ടിച്ചേർക്കുന്നു.

   

മുൻപ് ഷാമിയെ ഇന്ത്യയുടെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കോവിഡ് 19 ബാധിച്ച സാഹചര്യത്തിൽ ഷാമിയെ പരമ്പരയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *