വിൻഡീസിന്റെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കീറോൺ പൊള്ളാർഡ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ടീമിന്റെ നിറസാന്നിധ്യമായിരുന്ന പൊള്ളാർഡ് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള ചുരുക്കം ചില ക്രിക്കറ്റർമാരിൽ ഒരാളാണ്. ഇപ്പോൾ ഒരു ഇന്ത്യൻ താരത്തെക്കുറിച്ച് പൊള്ളാർഡ് സംസാരിക്കുകയുണ്ടായി. ഇന്ത്യയുടെ സീം ബോളിങ് ഓൾറൌണ്ടർ ഹാർദിക് പാണ്ട്യയെ പ്രശംസിച്ചുകൊണ്ടാണ് പൊള്ളാർഡ് സംസാരിച്ചത്. പരിക്കിനുശേഷം പാണ്ട്യ ഇന്ത്യൻ ടീമിലേക്ക് നടത്തിയ തിരിച്ചുവരവിനെയാണ് പൊള്ളാർഡ് പ്രശംസിക്കുന്നത്.
ഐപിഎല്ലിലൂടെ തിരിച്ചു വരുന്നതിനു മുമ്പ് വരെയുള്ള ഹർദിക് പാണ്ട്യയുടെ സമയം വളരെ പ്രയാസമേറിയതായിരുന്നു എന്നാണ് കീറോൺ പൊള്ളാർഡ് പറയുന്നത്. “ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രിക്കറ്ററാണ് ഹാർദിക്. കഴിഞ്ഞ മാസങ്ങളിൽ ഹർദിക് കടന്നുപോയത് കഠിനമായ സമയങ്ങളിലൂടെയാണ്. എന്നാൽ വീണ്ടും അയാളുടെ കഷ്ടപ്പാടിന് ഫലം ലഭിക്കുന്നത് നമ്മൾ കാണുകയുണ്ടായി.”- പൊള്ളാർഡ് പറഞ്ഞു.
“കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി എനിക്ക് ഹർദിക് പാണ്ഡ്യയെ അറിയാം. അയാൾ എങ്ങനെ ചിന്തിക്കുന്നുവെന്നും കാര്യങ്ങൾ നടപ്പാക്കുന്നുവെന്നും എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്. ഇപ്പോൾ അയാൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ നടത്തുന്നതും, ഐപിഎല്ലിൽ ഗുജറാത്തിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചതും എന്നെ സംബന്ധിച്ച് അത്ഭുതമല്ല. ഒരുപാട് വർഷങ്ങളിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന തരം ക്രിക്കറ്ററാണ് ഹർദിക് പാണ്ഡ്യ.”- പൊള്ളാർഡ് പറയുന്നു.
നിലവിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിന്റെ അഭിവാജ്യഘടകമാണ് ഹർദിക് പാണ്ട്യ. ഇപ്പോൾ ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിൽ പരിശീലനത്തിലാണ് പാണ്ട്യ. ഒക്ടോബർ 23നാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്ഥാനാണ് മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. അതിനുമുമ്പ് രണ്ട് പരിശീലനം മത്സരങ്ങളും ഇന്ത്യ കളിക്കും.