ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ ആവേശമാണ് ഷഫാലി വർമ്മ എന്ന 18കാരി. വീരേന്ദ്ര സേവാഗിനോട് സാമ്യമുള്ള ആക്രമണോത്സുകമായ ബാറ്റിംഗ് രീതിയാണ് ഷഫാലി വർമ ഓപ്പണിങ്ങിറങ്ങി ഇന്ത്യയ്ക്കായി കാഴ്ചവെക്കാറുള്ളത്. തന്റെ ബാറ്റിംഗ് ശൈലികൊണ്ട് ഇന്ത്യൻ ടീമിന്റെ നെടുംതൂണാവാറുള്ള ഷഫാലി കുറച്ചധികം റെക്കോർഡുകൾ തകർത്തിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയ്ക്കായി 1000 ട്വന്റി20 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററെന്ന റെക്കോർഡാണ് ഷഫാലി ഇപ്പോൾ പേരിൽ ചേർത്തിരിക്കുന്നത്. ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ഏഷ്യാകപ്പ് മത്സരത്തിലാണ് ഷഫാലി വർമ്മ ഈ നേട്ടം കൈവരിച്ചത്.
നിലവിൽ ഐസിസി വനിതാ ട്വന്റി20 റാങ്കിംഗിൽ ഏഴാം സ്ഥാനത്താണ് ഷഫാലി വർമ്മ. ഇപ്പോൾ 18 വർഷവും 253 ദിവസവുമാണ് ഷഫാലി വർമയുടെ പ്രായം. ഈ പ്രായത്തിൽ മറ്റാരും 1000 ട്വന്റി20 റൺസ് നേടിയിട്ടില്ല. നേരത്തെ ഈ റെക്കോർഡ് ഇന്ത്യയുടെ തന്നെ ബാറ്റർ ജമൈമ റോഡ്രിഗസിന്റെ പേരിലായിരുന്നു. 21 വർഷവും 32 ദിവസവും പ്രായമുള്ളപ്പോഴാണ് റോഡ്രിഗസ് 1000 റൺസ് പൂർത്തീകരിച്ചത്.
ഇന്ത്യക്കായി 1000ലധികം റൺസ് t20യിൽ നേടുന്ന അഞ്ചാമത്തെ ക്രിക്കറ്ററാണ് ഷഫാലി. നേരത്തെ ഇന്ത്യക്കായി റോഡ്രിഗസ്, മിതാലി രാജ്, സ്മൃതി മന്ദന, ഹർമൻപ്രീറ്റ് കൗർ എന്നിവർ ട്വന്റി20കളിൽ 1000 റൺസ് നേടിയിരുന്നു. വെറും 40 ഇന്നിംഗ്സുകളിൽ നിന്നായിരുന്നു മിതാലി രാജ് തന്റെ 1000 റൺസ് തികച്ചത്.
ബംഗ്ലാദേശിനെതിരെ ഒരുഗ്രൻ അർദ്ധസെഞ്ച്വറി നേടിയാണ് ഷഫാലി റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 44 പന്തുകളിൽ 55 റൺസായിരുന്നു ഷഫാലി വർമ്മ നേടിയത്. ഇന്നിങ്സിൽ 5 ബൗണ്ടറികളും 2 സിക്സറുകളും ഉൾപ്പെട്ടു. ഷഫാലിയുടെ ബാറ്റിംഗ് പവറിൽ ഇന്ത്യ മത്സരത്തിൽ വമ്പൻ വിജയവും നേടി.