അയാളെയാണ് ടീം ഇപ്പോൾ ഏറ്റവുമധികം മിസ്സ്‌ ചെയ്യുന്നത് ശർദൂൾ താക്കൂർ പറഞ്ഞത് കേട്ടോ

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ മോശം പ്രകടനമായിരുന്നു ഇന്ത്യയുടെ സീം ബൗളർമാർ കാഴ്ചവെച്ചത്. ആവേഷ് ഖാനും മുഹമ്മദ് സിറാജും ഇന്ത്യക്കായി പൊതിരെ തല്ലുകൊണ്ടു. എന്നാൽ അല്പം ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് ഓൾറൗണ്ടർ ശർദൂൾ താക്കൂറായിരുന്നു. ഇപ്പോൾ ഇന്ത്യക്കുണ്ടായ വലിയൊരു നഷ്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് ശർദൂൾ താക്കൂർ. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം എസ് ധോണിയെകുറിച്ചാണ് ശർദൂൾ താക്കൂർ പറയുന്നത്.

   

“എല്ലാവരും ധോണിയെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്. കാരണം അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വളരെ വലുതാണ്. മുന്നൂറിലധികം ഏകദിനങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. 90 ലധികം ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ഒരുപാട് ട്വന്റി20കളും അദ്ദേഹം കളിച്ചു. ഇത്രമാത്രം അനുഭവസമ്പത്തുള്ള ക്രിക്കറ്റർമാർ വിരളമാണ്. അതിനാൽതന്നെ ഇന്ത്യൻ ടീമിൽ അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.”- ശർദൂൾ താക്കൂർ പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യൻ ബൗളിംഗിന്റെ നിലവിലെ അപാകതകളെകുറിച്ചുള്ള വിമർശനത്തിനും ശർദൂൾ മറുപടി നൽകുകയുണ്ടായി. “ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ബോളിംഗിന് പലരും ഇന്ത്യൻ ബൗളർമാരെ വിമർശിക്കുന്നത് കണ്ടു. അങ്ങനെ നോക്കുമ്പോൾ ദക്ഷിണാഫ്രിക്കൻ ബൗളർമാരെയും നമ്മൾ വിമർശിക്കേണ്ടതുണ്ട്. കാരണം അവരും നന്നായി തല്ലുവാങ്ങി. പിന്നെ സ്ഥിരതയെക്കുറിച്ചാണ് നിങ്ങളുടെ ചോദ്യമെങ്കിൽ, പിച്ചിന്റെ സാഹചര്യവും അതിൽ ഒരു ഘടകം തന്നെയാണ്.” ശർദൂൾ പറയുന്നു.

   

ഒന്നോ രണ്ടോ മത്സരങ്ങളിലെ പരാജയം കൊണ്ട് ഒരു ടീമിനെ അളക്കാനാകില്ല എന്നാണ് ശർദൂളിന്റെ അഭിപ്രായം. എന്തായാലും വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ബോളർമാർ മികച്ച ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ശർദൂൾ കരുതുന്നു. 2023 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ഏകദിന ടീമിൽ സ്ഥിരത നേടാൻ ശ്രമിക്കുകയാണ് താക്കൂർ.

Leave a Reply

Your email address will not be published. Required fields are marked *