ആദ്യ ഏകദിനത്തിലെ സഞ്ജു സാംസന്റെ ഇന്നിങ്സ് പലപ്പോഴും ഓർമിപ്പിച്ചത് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ തന്നെയായിരുന്നു. തുടക്കത്തിൽ തന്നെ ഇന്ത്യയുടെ കൈവിട്ടുപോകുന്ന മത്സരങ്ങൾ തന്റെ ശാന്തത ഉപയോഗിച്ച് ധോണി അവസാനഓവറുകളിലേക്ക് എത്തിക്കാറുണ്ട്. ആദ്യമേ അനാവശ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റ് നഷ്ടമാക്കുന്നതിലും ഭേദം അവസാന ഓവറുകളിൽ റിസ്ക് എടുക്കുന്നതാണെന്നും ധോണി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇതേ നിലപാടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസൺ സ്വീകരിച്ചത്.
മത്സരത്തിൽ ഇന്ത്യയുടെ ആദ്യ നാല് വിക്കറ്റുകൾ നഷ്ടമായ ശേഷമാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. തന്റെ ഷോട്ടുകൾ കളിക്കുന്നതിനു പകരം ശ്രേയസ് അയ്യർക്ക് കൂട്ടുനിൽക്കാനാണ് സഞ്ജു ശ്രമിച്ചത്. ശ്രേയസ് അയ്യർ പുറത്തായശേഷം സഞ്ജു ധോണി സ്റ്റൈലിൽ റൺസ് ചലിപ്പിച്ചു. മുമ്പ് ഭൂവനേശ്വർ കുമാറിനെപോലെയുള്ള വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി ഇത്തരം അവിസ്മരണീയ ഇന്നിംഗ്സുകൾ കാഴ്ചവെച്ചിട്ടുണ്ട്. അതേ രീതിയിലാണ് സഞ്ജു മത്സരം അവസാന ഓവറുകളിലേക്ക് കൊണ്ടുപോയതും.
അവസാന ഓവറുകളിലെ തന്ത്രം സഞ്ജു പറയുകയുണ്ടായി. “ഷംസി മത്സരത്തിൽ മികച്ച രീതിയിലായിരുന്നില്ല ബോൾ ചെയ്തത്. അതിനാൽ ഞാൻ അയാളെ ലക്ഷ്യം വെച്ചു. അവസാന ഓവറിൽ 24 റൺസ് വേണ്ടിവന്നാലും നാലു സിക്സറുകൾ നേടി മത്സരം വിജയിപ്പിക്കാം എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതിനാൽ ഞാൻ മത്സരം അവസാന ഓവറുകളിൽ എത്തിച്ചു.”- സഞ്ജു പറഞ്ഞ ഈ വാക്കുകൾ മുൻപ് ധോണി പറയുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
എന്തായാലും കളിക്കളത്തിലെ ശാന്തതയിലും ബാറ്റിംഗ് ശൈലിയിലും പലപ്പോഴും ധോണിയെ തന്നെയാണ് സഞ്ജു അനുസ്മരിപ്പിക്കുന്നത്. കൂടാതെ പല മത്സരങ്ങളും ധോണി സ്റ്റൈലിൽ ഫിനിഷ് ചെയ്ത പാരമ്പര്യവും സഞ്ജുവിനുണ്ട്. ഇതൊക്കെ മുൻപിലേക്ക് പോകുമ്പോൾ സഞ്ജുവിന് ഗുണംചെയ്യും എന്നതുറപ്പാണ്.