ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയമറിഞ്ഞെങ്കിലും സഞ്ജു സാംസന്റെ പ്രകടനത്തെ പല ക്രിക്കറ്റർമാരും അഭിനന്ദിക്കുകയുണ്ടായി. വലിയ മാർജിനിൽ ഇന്ത്യ പരാജയം അറിയേണ്ടിയിരുന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത് സഞ്ജു സാംസന്റെ ഇന്നിങ്സായിരുന്നു. എന്നാൽ സഞ്ജു സാംസന്റെ ഇന്നിങ്സിനെതിരെ തന്റെ വിയോജിപ്പ് അറിയിച്ച് രംഗത്തുവന്നിരിക്കുന്നത് മുൻ പാക് ക്രിക്കറ്റർ കമ്രാൻ അക്മലാണ്. മുൻനിരയിലുള്ള അന്താരാഷ്ട്ര ടീമുകളോട് കളിച്ച് അനുഭവസമ്പത്തില്ലാത്തത് സഞ്ജു സാംസണെ ആദ്യമത്സരത്തിൽ ബാധിച്ചു എന്നാണ് കമ്രാൻ അക്മൽ പറയുന്നത്.
സഞ്ജു തന്റെ ഇന്നിങ്സിന്റെ ആരംഭസമയത്ത് ഒരുപാട് സമയമെടുത്തുവെന്നും, തുടക്കത്തിൽ ആവശ്യമായ ഉദ്ദേശബോധത്തോടെ കളിച്ചില്ലെന്നും കമ്രാൻ അക്മൽ പറയുന്നു. മത്സരത്തിൽ സഞ്ജുവിന്റെ ഇന്നിങ്സായിരുന്നു നിർണായകമെന്നും അതിനാൽ കുറച്ചുകൂടി സ്ട്രൈക്ക് റേറ്റിൽ റൺസ് നേടേണ്ടിയിരുന്നുവെന്നും കമ്രാൻ അക്മൽ പറഞ്ഞു. ഇതോടൊപ്പം തുടക്കം മുതൽ സഞ്ജു ആക്രമണപരമായ സമീപനം പുറത്തെടുത്തിരുന്നെങ്കിൽ, ഇന്ത്യ അനായാസമായി മത്സരത്തിൽ വിജയിച്ചേനെ എന്നും കമ്രാൻ അക്മൽ സൂചിപ്പിക്കുന്നു.
“ഇന്നിംഗ്സിന്റെ തുടക്കത്തിൽ സഞ്ജു സാംസൺ കുറച്ചധികം സമയമെടുത്തു. എന്നാൽ തുടക്കം മുതൽ അയാൾ ആക്രമിച്ചു കളിച്ചിരുന്നുവെങ്കിൽ മത്സരത്തിന്റെ കഥയേ മാറിയേനെ. അയാൾ മത്സരത്തിൽ 86 റൺസ് നേടി. പക്ഷേ നേരിട്ട ആദ്യത്തെ 30-35 ബോളുകളിൽ ആവശ്യമായ രീതിയിൽ ആക്രമിക്കാൻ ശ്രമിച്ചില്ല. വലിയ ടീമുകൾക്കെതിരെ കളിക്കുന്നതിൽ സഞ്ജുവിനുള്ള പരിചയസമ്പന്നതക്കുറവാണ് ഇവിടെ വ്യക്തമാകുന്നത്”- കമ്രാൻ അക്മൽ പറയുന്നു.
ഇതോടൊപ്പം മത്സരത്തിൽ ശ്രേയസ് അയ്യർ ബാറ്റ് ചെയ്ത രീതിയേയും കമ്രാൻ അക്മൽ അഭിനന്ദിക്കുന്നു. നിർണായകഘട്ടങ്ങളിൽ പരിചയസമ്പന്നനായ ഒരു ക്രിക്കറ്റർ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ശ്രേയസ് കാട്ടിത്തന്നു എന്നാണ് കമ്രാൻ അക്മൽ പറയുന്നത്. അയ്യരുടെ വിക്കറ്റാണ് മത്സരത്തിൽ വഴിത്തിരിവായത് എന്ന പക്ഷവും കമ്രാൻ അക്മലിനുണ്ട്.