ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ നടത്തിയത്. മത്സരത്തിൽ 63 പന്തുകളിൽ 86 റൺസെടുത്ത സഞ്ജു ഇന്ത്യയെ വിജയത്തിനരികെ എത്തിച്ചു. എന്നാൽ ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഏറെക്കാലമായി ടീമിന്റെ സ്ഥിരസാന്നിധ്യമാകാൻ ബുദ്ധിമുട്ടുന്ന സഞ്ജുവിന് ആത്മവിശ്വാസം പകരുന്ന ഇന്നിങ്സ് തന്നെയാണിത്. ഇന്ത്യൻ ദേശീയ ടീമിനായി കളിക്കാൻ സാധിക്കുന്നത് താൻ ഭാഗ്യവാൻ ആയതുകൊണ്ടാണ് എന്ന് സഞ്ജു പറയുന്നു. ആളുകളുടെ കൂടി വരുന്ന പ്രതീക്ഷ തനിക്ക് പ്രചോദനമാകുന്നുവെന്നും സഞ്ജു സൂചിപ്പിച്ചു.
മത്സരശേഷമുള്ള പ്രസ് മീറ്റിംഗിലാണ് സഞ്ജു ഇക്കാര്യങ്ങൾ അറിയിച്ചത്. “ഇന്ത്യക്കായി കളിക്കാൻ സാധിച്ചത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. കാരണം ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ട്. എന്നാൽ എന്നെ ഒരുപാട് പേർ സ്നേഹിക്കുകയും പിന്തുണ നൽകുകയും ചെയ്തു. അതെനിക്ക് വലിയ പ്രചോദനം തന്നെയാണ്. ക്രിക്കറ്റ് കളിക്കുമ്പോൾ നമുക്ക് ആവശ്യവും ഇതൊക്കെ തന്നെയാണ്. ഇതെന്റെ ഒരു സ്വപ്നമായിരുന്നു ഞാൻ വളരെ സന്തോഷവാനാണ്”- സഞ്ജു പറഞ്ഞു.
“ഇത്തരം ഇന്നിംഗ്സുകൾ നമ്മളിലുള്ള, ആളുകളുടെ പ്രതീക്ഷ വർദ്ധിപ്പിക്കാൻ കാരണമാകും. അങ്ങനെ വരുമ്പോൾ പരിശീലനസമയം രണ്ടു മണിക്കൂറിൽ നിന്ന് നാല് മണിക്കൂർ ആവും. എല്ലാവരുടെയും പ്രതീക്ഷ വർധിക്കുമ്പോൾ ഞാൻ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തും. കാരണം എനിക്ക് കൂടുതൽ നന്നായി കളിക്കണം”- സഞ്ജു കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ 51ന് 4 എന്ന നിലയിൽ ഇന്ത്യ തകർന്ന സാഹചര്യത്തിലായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. മത്സരത്തിൽ ശ്രേയസ് അയ്യർക്കൊപ്പം 67 റൺസിന്റെയും ശർദുൽ താക്കൂറിനോപ്പം 93 റൺസിന്റെയും കൂട്ടുകെട്ട് സഞ്ജു സാംസൺ കെട്ടിപ്പടുക്കുകയുണ്ടായി. വെറും 9 റൺസിനായിരുന്നു ഇന്ത്യ മത്സരത്തിൽ പരാജയമറിഞ്ഞത്. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുമ്പിൽ എത്തിയിട്ടുണ്ട്.