ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിൽ ഒമ്പത് റൺസിനായിരുന്നു ഇന്ത്യ പരാജയമറിഞ്ഞത്. സഞ്ജു സാംസന്റെ കിടിലൻ ഇന്നിങ്സിനുപോലും ഇന്ത്യയെ പരാജയത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചില്ല. പ്രധാനമായും ഇന്ത്യയുടെ പരാജയത്തിനു കാരണമായത് മൈതാനത്ത് നഷ്ടപ്പെടുത്തിയ ക്യാച്ചുകളും മുൻനിര ബാറ്റർമാരുടെ മെല്ലെപ്പോക്കും തന്നെയായിരുന്നു. ലഭിച്ച പല അവസരങ്ങളും ഇന്ത്യൻ ഫീൽഡർമാർ നഷ്ടപ്പെടുത്തി. മില്ലറും ക്ലാസനും ഇത് മുതലെടുക്കുകയും ചെയ്തു. അങ്ങനെയാണ് ദക്ഷിണാഫ്രിക്ക 249 എന്ന് സ്കോറിലെത്തിയത്.
ബാറ്റിംഗിലേക്ക് വന്നാൽ ശ്രേയസ് അയ്യരും സഞ്ജു സാസണും ശർദുൽ താക്കൂറും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മുൻനിര ഇഴഞ്ഞു നീങ്ങിയത് ഇന്ത്യയെ ബാധിച്ചു. ആദ്യ ഓവറുകളിൽ ബോളർമാർക്ക് പിച്ചിൽ നിന്ന് സഹായങ്ങൾ ലഭിച്ചു എന്നത് സത്യമാണ്. പക്ഷെ ഇന്ത്യൻ മുൻനിര ബാറ്റർമാർ ദക്ഷിണാഫ്രിക്കയുടെ ബോളർമാരെ അധികമായി ബഹുമാനിച്ചോ എന്ന ചോദ്യം നിലനിൽക്കുന്നു. മത്സരത്തിൽ ക്യാപ്റ്റൻ ധവാൻ നേടിയത് 16 പന്തുകളിൽ നാലു റൺസായിരുന്നു. 25 ആണ് ധവന്റെ സ്ട്രൈക്ക് റേറ്റ്.
പിന്നാലെ വന്ന ഇഷാൻ കിഷനും റിതുരാജ് ഗെയ്ക്ക്വാഡും ദക്ഷിണാഫ്രിക്കൻ ബോളിങ്ങിനു മുൻപിൽ വിറച്ചു. ഗെയ്ക്കുവാഡ് മത്സരത്തിൽ നേടിയത് 42 പന്തുകളിൽ 19 റൺസായിരുന്നു. 45 ആണ് സ്ട്രൈക്ക് റേറ്റ്. മറുവശത്ത് ഇഷാൻ കിഷൻ നേടിയത് 37 പന്തുകളിൽ 20 റൺസ്. 54 ആണ് സ്ട്രൈക്ക് റേറ്റ്. ഇരുവരുടെയും ഒരുമിച്ചുള്ള സ്കോർ പരിശോധിച്ചാൽ വ്യക്തമാകുന്ന കാര്യം ഇതാണ്. 13 ഓവറുകൾ ഇരുവരും ചേർന്ന് കളിച്ചു. ഇതിൽ നിന്നും നേടിയത് വെറും 39 റൺസ്. മത്സരത്തിൽ ഇതോരു നിർണായക ഘടകമായി മാറി.
ഒരുപക്ഷേ മുൻനിര ബാറ്റർമാർ കുറച്ചുകൂടി ജാഗ്രത മത്സരത്തിൽ കാട്ടിയിരുന്നെങ്കിൽ സഞ്ജുവിന് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായേനെ. എന്നിരുന്നാലും ശ്രേയസ് അയ്യർ 37 പന്തിൽ നേടിയ 50 റൺസ് ഇന്ത്യയ്ക്ക് ഗുണം ചെയ്തു. എന്തായാലും വരാനിരിക്കുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ മുൻനിരയിൽ നിന്ന് മികച്ച പ്രകടനങ്ങൾ തന്നെ പ്രതീക്ഷിക്കാം.