സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച ഇന്നിംഗ്സുകൾ ഒന്നായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ സഞ്ജു സാംസൺ കാഴ്ചവച്ചത്. വൻ പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ സഞ്ജു പിടിച്ചുകയറ്റുകയാണ് ഉണ്ടായത്. മത്സരത്തിൽ 9 റൺസിന് ഇന്ത്യ പരാജയമറിഞ്ഞെങ്കിലും സഞ്ജുവിന്റെ പോരാട്ടവീര്യത്തിന് മികച്ച പ്രശംസ തന്നെയാണ് ലഭിച്ചത്. മത്സരത്തിന്റെ അവസാനം വരെ പ്രതീക്ഷ നൽകിയ സഞ്ജുവിനെ ബാറ്റിംഗ് പ്രകടനത്തെ അഭിനന്ദിച്ച് ഒരുപാട് മുൻ ക്രിക്കറ്റർമാർ രംഗത്തുവന്നു.
സഞ്ജുവിന്റെ ഈ തകർപ്പൻ ഇനിങ്സിനെപ്പറ്റി മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര പറഞ്ഞത് ഇങ്ങനെയാണ്. “എന്തൊരു മികച്ച ക്രിക്കറ്ററാണ് അയാൾ, ഒരിക്കലും മറക്കാനാവാത്ത ഒരു ഇന്നിങ്സ്. ഒരുപക്ഷേ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സഞ്ജുവിനെ സാധിച്ചില്ലായിരിക്കും. പക്ഷേ ആ ഇന്നിങ്സ് അങ്ങേയറ്റം ആവേശമുണ്ടാക്കി.” അമിത് മിശ്രയ്ക്ക് പിന്നാലെ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റർ വീരേന്ദർ സേവാഗും സഞ്ജുവിന് അഭിനന്ദനങ്ങൾ അറിയിച്ചു വന്നു. ” സഞ്ജുവിൽ നിന്നുണ്ടായത് മികച്ച ഒരു ഇന്നിങ്സ് തന്നെയായിരുന്നു. വിജയിക്കാനായില്ലേങ്കിലും അതൊരു നിലവാരമുള്ള ഇന്നിങ്സായി നിലനിൽക്കുന്നു. “- സേവാഗ് ട്വിറ്ററിൽ കുറിച്ചു.
സഞ്ജുവിന് തന്റെ കരിയറിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ ഈ ഇന്നിങ്സ് സഹായിക്കും എന്നായിരുന്നു മുൻ ക്രിക്കറ്റർ ഇയാൻ ബിഷപ്പ് പറഞ്ഞത്. സഞ്ജു സാംസണെയും ശ്രേയസ് അയ്യരെയും പ്രശംസിച്ച വസീം ജാഫറും ട്വീറ്റുകൾ പങ്കുവെച്ചു. മത്സരം ജയിക്കാനായില്ലേങ്കിലും സഞ്ജുവിന്റെ പ്രകടനം അഭിനന്ദനീയം തന്നെയാണ് എന്നായിരുന്നു മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ പറഞ്ഞത്. എന്തായാലും എല്ലാ മൂലയിൽ നിന്നും അഭിനന്ദനപ്രവാഹങ്ങളാണ് സഞ്ജുവിനായി ഉയരുന്നത്.
ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് യാതൊരു മാനദണ്ഡവുമില്ലാതെ ഒഴിവാക്കപ്പെട്ട സഞ്ജുവിന്റെ ഈ തകർപ്പൻ ഇന്നിംഗ്സ് മറക്കാനാവില്ല. ഇത്തരം പ്രകടനങ്ങൾ കഴിഞ്ഞ മത്സരങ്ങളിലും സഞ്ജു കാഴ്ചവെച്ചിരുന്നു. എന്നാൽ ഇതിലൊന്നും ഇന്ത്യൻ സെലക്ടർമാർ കണ്ണുതുറക്കാത്തത് അത്ഭുതം തന്നെയാണ്.