പ്രതീക്ഷകൾക്ക് മേൽ സഞ്ജു സൂര്യനായി! ഒറ്റയാൾ പോരാട്ടത്തിന്റെ മോൺസ്റ്റർ വേർഷൻ!

   

പലപ്പോഴും ഇന്ത്യൻ ടീമിൽ അവസരങ്ങൾ ലഭിക്കാതെ പോയ ക്രിക്കറ്റായിരുന്നു സഞ്ജു സാംസൺ. പക്ഷേ ടീമിൽ അവസരങ്ങൾ ലഭിച്ചപ്പോഴൊക്കെയും സഞ്ജു മികച്ച പ്രകടനങ്ങളുമായി മുൻപിൽ തന്നെ നിന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരത്തിലും ഒരു ഒറ്റയാൾ പോരാട്ടമാണ് സഞ്ജു നയിച്ചത്. മറ്റു ബാറ്റർമാർ പരാജയപ്പെട്ട സാഹചര്യത്തിലും അവസാന ഓവർ വരെ സഞ്ജു ദക്ഷിണാഫ്രിക്കയേ വിറപ്പിച്ചു. ഏതൊരു മലയാളിക്കും അഭിമാനം തോന്നുന്ന ഒരു ഇന്നിങ്സ്.

   

മത്സരത്തിൽ ആറാമനായിയായിരുന്നു സഞ്ജു ക്രീസിലെത്തിയത്. 40 ഓവർ മത്സരത്തിൽ 250 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 51ന് 4 എന്ന നിലയിൽ തകർന്നു. എന്നാൽ ശ്രേയസ് അയ്യർക്കൊപ്പം ചേർന്ന് സഞ്ജു പതിയെ സ്കോർ ഉയർത്തി. ശ്രെയസ് ആക്രമിച്ചു കളിച്ചപ്പോൾ സഞ്ജു സ്കോറിങ് പതിയെയാക്കി. എന്നാൽ അയ്യർക്ക് ശേഷം സഞ്ജു അടിച്ചുതുടങ്ങ. ആറാം വിക്കറ്റിൽ ശർദുലിനെ കൂട്ടുപിടിച്ച് 93 റൺസിന്റെ കൂട്ടുകെട്ടായിരുന്നു സഞ്ജു സാംസൺ മത്സരത്തിൽ കെട്ടിപ്പടുത്തത്. 63 പന്തുകളിൽ 86 റൺസാണ് സഞ്ജു മത്സരത്തിൽ നേടിയത്. ഇതിൽ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു.

   

അവസാന ഓവറിൽ ഇന്ത്യയ്ക്ക് ജയിക്കാൻ വേണ്ടത് 30 റൺസായിരുന്നു. ഓവറിലെ ആദ്യ മൂന്ന് ബോളുകൾ ബൗണ്ടറി കടത്തി സഞ്ജു തന്റെ വീര്യം കാട്ടി. എന്നാൽ നാലാം പന്തിൽ ഷംസി കൃത്യത പാലിച്ചതോടെ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൈവിട്ടുപോയി. വലിയ മാർജിനിൽ ഇന്ത്യ പരാജയപ്പെടേണ്ട മൽസരത്തിൽ സഞ്ജു സാംസന്റെ ഉഗ്രൻ ഇന്നിങ്സാണ് ഇന്ത്യയെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ഇന്ത്യക്കായി പിറക്കുന്ന രണ്ടാമത്തെ അർദ്ധശതകമാണിത്.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്ലാസന്റെയും(75) മില്ലറുടെയും (74) ബാറ്റിംഗ് മികവിൽ നിശ്ചിത 40 ഓവറുകളിൽ 249 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ആദ്യമേ ഇന്ത്യയ്ക്ക് ഓപ്പണർമാരെ നഷ്ടമായി. ശേഷം ശ്രേയസും സഞ്ജുവും ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു. മത്സരത്തിൽ 9 റൺസിനാണ് ഇന്ത്യ പരാജയമറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *