ഓവർ കവർ ഷോട്ടുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. ഗാംഗുലിയെയും റെയ്നയെയും പോലെയുള്ള ക്രിക്കറ്റർമാർ ഓവർ കവർ ഷോട്ടുകൾ കളിക്കുമ്പോൾ ആരാധകരേറെയാണ്. എന്നാൽ ലോക ക്രിക്കറ്റിനെ തന്നെ അത്ഭുതപ്പെടുത്തിയ ഒരു ഓവർ കവർ സിക്സർ വിൻഡിസ് ഓൾറൗണ്ടർ കൈൽ മേയേഴ്സ് കഴിഞ്ഞദിവസം നേടുകയുണ്ടായി. വിൻഡീസിന്റെ ഓസീസിനെതിരായ ആദ്യ ട്വന്റി20യിലാണ് മെയേഴ്സ് 105 മീറ്റർ ദൂരം താണ്ടിയ ഈ കിടിലൻ സിക്സർ നേടിയത്. നിമിഷങ്ങൾക്കകം തന്നെ ഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
മത്സരത്തിൽ വിൻഡീസ് ഇന്നിങ്സിന്റെ നാലാം ഓവറിലായിരുന്നു ഈ അവിശ്വസനീയ സിക്സർ പറന്നത്. ഓസ്ട്രേലിയൻ ബോളർ ഗ്രീൻ ഒരു ബാങ്ക് ഓഫ് ലെങ്ത് ബോൾ എറിഞ്ഞു. മേയേഴ്സ് ഉടൻതന്നെ തന്റെ ബാക്ഫുട്ട് പൊസിഷനിൽ നിൽക്കുകയും വമ്പൻ പവറിൽ ബോൾ പഞ്ച് ചെയ്യുകയും ചെയ്തു. കമന്റേറ്റർമാരെപോലും അത്ഭുതപ്പെടുത്തിയ ഈ ഷോട്ട് ശരിക്കും അത്ഭുതം തന്നെയായിരുന്നു. 105 മീറ്ററായിരുന്നു സിക്സറിന്റെ ദൂരം.
ലോകത്താകമാനമുള്ള ക്രിക്കറ്റർമാരെയും ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ച ഷോട്ടായി ഇത് നിമിഷങ്ങൾക്കകം മാറി. ഈ ഷോട്ടിനെ അഭിനന്ദിച്ചുകൊണ്ട് ആദ്യം മുൻപിലേക്ക് വന്നത് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് ആയിരുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ഷോട്ട് എന്നായിരുന്നു ഗിൽക്രിസ്റ്റ് തന്റെ ട്വിറ്ററിൽ കുറിച്ചത്. ‘ഇങ്ങനെ ചെയ്യരുത് മെയേഴ്സ്’ എന്നായിരുന്നു ഇന്ത്യയുടെ മുൻ ഓപ്പണർ ഗംഭീർ ട്വിറ്ററിൽ കുറിച്ചത്.
എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ മെയേഴ്സിന്റെ ഈ ഷോർട്ട് വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 145 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഒരു ബോൾ അവശേഷിക്കെ ഓസീസ് വിജയം കണ്ടു. മൂന്നു വിക്കറ്റുകൾക്കായിരുന്നു ഓസീസ് മത്സരത്തിൽ വിജയിച്ചത്. ഇതിനിടെയാണ് മേയേഴ്സിന്റെ ഈ സിക്സ് ഇത്രമാത്രം ശ്രദ്ധയാകർഷിച്ചത്.
WOW!
Incredible six from Mayers – over cover! #AUSvWI pic.twitter.com/xBEaPYgFzN
— cricket.com.au (@cricketcomau) October 5, 2022