റെക്കോർഡുകൾ എന്നത് ക്രിക്കറ്റിന്റെ ഒരു ശൈലിയാണ്. ഓരോ റെക്കോർഡ് തകർക്കുമ്പോഴും ക്രിക്കറ്റിന്റെ വ്യാപ്തി കൂടിവരുന്നു. എന്നാൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20യിപ്പോൾ ഒരു വ്യത്യസ്തമായ റെക്കോർഡ് ഇന്ത്യയുടെ വാലറ്റ ബാറ്റർമാർ തകർക്കുകയുണ്ടായി. സാധാരണയായി പൂർണ്ണമായും ബോളിഗിൽ ശ്രദ്ധിക്കുന്ന ദീപക് ചാഹറും ഉമേഷ് യാദവും ചേർന്ന്, തങ്ങളുടെ മികച്ച ബാറ്റിംഗ് പ്രകടനം കൊണ്ടാണ് റെക്കോർഡ് സൃഷ്ടിച്ചത്. ഇന്ത്യക്കായി ഒൻപതാം വിക്കറ്റിൽ ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന റെക്കോർഡാണ് ഇരുവരും തകർത്തത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി20യിൽ 9ആം വിക്കറ്റിൽ 48 റൺസിന്റെ കൂട്ടുകെട്ട് നേടിയാണ് ദീപക് ചാഹറും ഉമേഷ് യാദവും റെക്കോർഡിട്ടത്. നേരത്തെ ഒൻപതാം വിക്കറ്റിൽ 36 റൺസ് നേടിയ സഹീർ-രോഹിത് സഖ്യത്തിന്റെ പേരിലായിരുന്നു ഈ റെക്കോർഡ്. 2010ൽ ഓസ്ട്രേലിയയ്ക്കെതിരെ ആയിരുന്നു സഹീറും രോഹിത്തും ചേർന്ന് 36 റൺസ് നേടിയത. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20യിൽ 17 പന്തുകളിൽ 2 ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 31 റൺസാണ് ദീപക് ചാഹർ നേടിയത്.
17 പന്തുകളിൽ 20 റൺസായിരുന്നു ഉമേഷ് യാദവിന്റെ സമ്പാദ്യം. ഇരുവരും ബാറ്റിങ്ങിൽ ൽ തിളങ്ങിയെങ്കിലും ബോളിങ്ങിൽ തല്ലു കൊള്ളുന്നതാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. നിശ്ചിത നാല് ഓവറുകളിൽ 48 റൺസ് ദീപക് ചാഹർ വഴങ്ങി. മൂന്ന് ഓവറിൽ 34 റൺസാണ് ഉമേഷ് യാദവ് വഴങ്ങിയത്. ഇരുവരുടെയും മോശം പ്രകടനം ഇന്ത്യയെ മത്സരത്തിൽ ബാധിച്ചിരുന്നു.
ദക്ഷിണാഫ്രിക്ക പടുത്തുയർത്തിയ 226 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് അടിതെറ്റുകയായിരുന്നു. മുൻനിരയിൽ ദിനേശ് കാർത്തിക്കും(46) റിഷാഭ് പന്തും മാത്രമായിരുന്നു ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചത്. മത്സരത്തിൽ 40 റൺസിനാണ് ഇന്ത്യ പരാജയമറിഞ്ഞത്.