ജസ്പ്രിറ്റ് ബുമ്രയുടെയും രവീന്ദ്ര ജഡേജയുടെയും പരിക്ക് ഇന്ത്യയെ ട്വന്റി20 ലോകകപ്പിൽ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ഇരുവർക്കും പകരം കളിക്കാരെ കണ്ടെത്തേണ്ടതും ആവശ്യം തന്നെയാണ്. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി അക്ഷർ പട്ടേൽ ഉണ്ടെങ്കിലും, ബുമ്രയ്ക്ക് പകരക്കാരനാകാൻ ആരുമില്ല എന്നതാണ് വസ്തുത. എന്നാൽ ബുമ്രയ്ക്ക് പകരക്കാരനായി മുഹമ്മദ് ഷാമി സ്ക്വാഡിൽ എത്തും എന്ന സൂചനകൾ നൽകയാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്. നിലവിൽ ഫിറ്റ്നസ് ടെസ്റ്റിനായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് ഷാമി ഉള്ളത്. പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത ശേഷം ഷാമി ഇന്ത്യൻ ടീമിനൊപ്പം ചേരാൻ സാധ്യതയുണ്ട്.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരായ പരമ്പരകളിൽ ഷാമിയുടെ പേര് ഉൾപ്പെടുത്തിയിരുന്നെങ്കിലും കോവിഡ് ബാധിച്ചതിനാൽ ഇരുടൂർണമെന്റുകളിലും കളിക്കാൻ ഷാമിയ്ക്ക് സാധിച്ചിരുന്നില്ല. പകരം ഉമേഷ് യാദവിനെയായിരുന്നു ഇന്ത്യ ഇരുസ്ക്വാഡുകളിലും ഉൾപ്പെടുത്തിയത്. എന്നാൽ ഷാമി തിരിച്ചുവരുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
“ഷാമി തന്റെ സാഹചര്യങ്ങളെ നന്നായി തരണം ചെയ്യുകയാണ്. ചെറിയ രീതിയിൽ പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്.എന്നാൽ പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാൻ അയാൾക്ക് കുറച്ചു സമയം ആവശ്യമാണ്. ഇപ്പോൾ NCAയിലാണ് ഷാമിയുള്ളത്. മെഡിക്കൽ ടീമിന്റെ ക്ലിയറൻസ് ലഭിച്ച ശേഷം ഷാമി സ്ക്വാഡിനൊപ്പം ചേരും.”- ഒരു ബിസിസിഐ ഒഫീഷ്യൽ അറിയിച്ചു.
ഇതോടൊപ്പം ഇതുവരെ ഷാമിക്ക് കളിക്കാനാവാത്തതിന്റെ നിരാശയും ഒഫീഷ്യൽ പ്രകടിപ്പിച്ചു. “ട്വന്റി20 ലോകകപ്പിന് മുമ്പ് ഒരു മത്സരം പോലും ഷാമിക്ക് കളിക്കാൻ സാധിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. എന്തായാലും അയാൾ ഫിറ്റായി തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും സ്ക്വാഡിൽ മാറ്റങ്ങൾ വരുത്താൻ ഇനിയും സമയമുണ്ട്. അതിനാൽ ഇതൊരു പ്രശ്നമല്ല.”- ബിസിസിഐ ഒഫീഷ്യൽ കൂട്ടിച്ചേർക്കുന്നു.