ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യിൽ മികച്ച ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യയുടെ മുഴുവൻ ബാറ്റർമാരും കാഴ്ചവച്ചത്. ഇന്ത്യക്കായി 22 പന്തുകളിൽ 61 റൺസ് നേടി സൂര്യകുമാർ യാദവ് ഇന്നിംഗ്സ് ടോപ്സ്കോററായി മാറി. എന്നാൽ സൂര്യകുമാറിന് പകരം 28 പന്തിൽ 57 റൺസ് നേടിയ കെ എൽ രാഹുലിനാണ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്. ഇത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇതു തന്നെപോലും അത്ഭുതപ്പെടുത്തി എന്നാണ് കെ എൽ രാഹുൽ പിന്നീട് പറഞ്ഞത്.
മധ്യനിരയിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവായിരുന്നു ഈ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹൻ എന്നാണ് കെ എൽ രാഹുൽ പറഞ്ഞത്. “മാൻ ഓഫ് ദ് മാച്ച് അവാർഡ് കിട്ടിയതിൽ എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. സൂര്യയ്ക്കായിരുന്നു ഇത് കിട്ടേണ്ടിയിരുന്നത്. അവനാണ് കളിയിൽ വഴിത്തിരിവുണ്ടാക്കിയത്. മധ്യനിരയിൽ ബാറ്റ് ചെയ്യുക എന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കാര്യം.
ദിനേശ് കാർത്തിക്കിനും ഒരുപാട് ബോളുകൾ നേരിടാൻ മുമ്പ് സാധിച്ചിരുന്നില്ല. എന്നിട്ടും അയാൾ മികച്ച രീതിയിൽ തന്നെ കളിച്ചു. അതുപോലെതന്നെയാണ് സൂര്യയുടെയും വിരാടിന്റെയും കാര്യം.”- രാഹുൽ പറഞ്ഞു. ഇതോടൊപ്പം തന്റെ ഇന്നിംഗ്സിൽ താൻ എത്രമാത്രം സംതൃപ്തനാണ് എന്നും കെ എൽ രാഹുൽ പറയുന്നു. “ഒരു ഓപ്പണർക്ക് സാഹചര്യങ്ങൾ കൃത്യമായി മനസ്സിലാക്കി ആവശ്യമായ രീതിയിൽ കളിക്കാൻ സാധിക്കണം.
ഞാൻ ആ മനോഭാവത്തോടെയാണ് കളിക്കാൻ ശ്രമിക്കാറുള്ളത്. അതുതന്നെയാണ് തുടരുന്നതും.”- കെ എൽ രാഹുൽ കൂട്ടിച്ചേർക്കുന്നു. ഒരുപാട് വിമർശനങ്ങൾ കേട്ട ശേഷമായിരുന്നു രാഹുൽ ഇന്ത്യയിലേക്ക് വന്നത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വലിയ സ്ട്രൈക്ക് റേറ്റിൽ റൺസ് കണ്ടെത്താൻ രാഹുലിന് സാധിച്ചിരുന്നില്ല. എന്നാൽ അതിനുശേഷം ഉയർന്ന വിമർശനങ്ങൾക്കെല്ലാം ചുട്ടമറുപടി നൽകിയിരിക്കുകയാണ് കെഎൽ രാഹുൽ ഇപ്പോൾ.