കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ തന്റെ കരിയറിലെ മോശം സമയത്തിലൂടെ കടന്നുപോയിരുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി. ഇതുവരെ കോഹ്ലി തുടർന്ന ഫോം കോഹ്‌ലിക്ക് നഷ്ടമായിരുന്നു. എന്നാൽ പിന്നീട് കോഹ്ലി ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് ചെറിയ ഇടവേളയെടുക്കുകയും ഏഷ്യ കപ്പിലൂടെ തിരിച്ചെത്തുകയും ചെയ്തു. ഈ ചെറിയ ഇടവേള വിരാട് കോഹ്‌ലിയെ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയിൻ വാട്സൺ പറയുന്നത്. തന്റെ ബാറ്ററികൾ ചാർജ് ചെയ്യാൻ കോഹ്‌ലിക്ക് ഈ ഇടവേളയിൽ സാധിച്ചു എന്നും ഷെയിൻ വാട്സൺ പറയുന്നു.
എങ്ങനെയാണ് ആ ചെറിയ ഇടവേള വിരാട് കോഹ്‌ലിയെ സഹായിച്ചതെന്ന് വാട്സൻ പറയുന്നു. “വിരാട് കോഹ്ലിയ്ക്ക് അയാളുടെ ബാറ്ററികൾ ചാർജ് ചെയ്യാൻ അൽപ്പം ഇടവേള അത്യാവശ്യമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഞാനത് കുറച്ചുനാളുകളായി ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞ ഐപിഎൽ മുതൽ അയാളുടെ എനർജി കുറഞ്ഞുതുടങ്ങി. എന്നിരുന്നാലും തന്നെക്കൊണ്ടാവുംവിധം ടീമുകൾക്കായി കളിക്കാൻ വിരാട് ശ്രമിച്ചിരുന്നു.”- ഷെയിൻ വാട്സൺ പറയുന്നു.
ഇപ്പോൾ കോഹ്ലി തന്റെ ഏറ്റവും മികച്ച ഫോമിലേക്കാണ് തിരിച്ചെത്തിയിരിക്കുന്നത് എന്ന നിലപാടും വാട്സനുണ്ട്. “അയാൾ ഏഷ്യാകപ്പിലും ഓസീസിനെതിരായ ട്വന്റി20 പരമ്പരയിലും ബാറ്റ് ചെയ്ത രീതി കണ്ടപ്പോഴേ ഒരു കാര്യം വ്യക്തമാണ്. അയാൾ തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചെത്തി. മികച്ച ഷോട്ടുകൾ കളിക്കാൻ തുടങ്ങി. പഴയ പവർ തിരികെയെത്തി. വളരെ സന്തോഷമുണ്ട് കോഹ്ലി പഴയ ഫോമിൽ കളിക്കുമ്പോൾ.” – വാട്സൻ കൂട്ടിച്ചേർക്കുന്നു.
ഏഷ്യാകപ്പിലെ മികച്ച ബാറ്റിംഗ് പ്രകടനങ്ങൾക്ക് ശേഷം ഓസീസിനെതിരായ ട്വന്റി20 പരമ്പരയിലും മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തിൽ 48 പന്തുളിൽ 63 റൺസാണ് കോഹ്ലി നേടിയത്. ലോകകപ്പിലും ഈ ഫോം കോഹ്ലി തുടരുമെന്നു തന്നെയാണ് പ്രതീക്ഷ.