2021 മാർച്ചിലാണ് സൂര്യകുമാർ തന്റെ ആദ്യം ട്വന്റി20 അന്താരാഷ്ട്ര മത്സരം ഇന്ത്യക്കായി കളിച്ചത്. അതിനുശേഷം ഇന്ത്യൻ ടീമിന്റെ നാലാം നമ്പർ പൊസിഷൻ പൂർണമായും സൂര്യകുമാർ കൈയ്യടക്കി. മികച്ച ഇന്നിങ്സുകൾ കൊണ്ടും ഷോട്ടുകളുടെ റേഞ്ചുകൾ കൊണ്ടും സൂര്യ ലോകക്രിക്കറ്റിനെ അത്ഭുതപ്പെടുത്തി. സൂര്യകുമാർ യാദവിനെ പ്രശംസിച്ചുകൊണ്ട് പല ക്രിക്കറ്റർമാരും വരികയുണ്ടായി. നിലവിൽ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ട്വന്റി20 ബാറ്റർ സൂര്യകുമാർ യാദവാണ് എന്ന അഭിപ്രായമാണ് ദക്ഷിണാഫ്രിക്കൻ പേസർ വെയിൻ പാർണലിന്. ക്രിക്കറ്റ് ബുക്കിലെ എല്ലാ ഷോട്ടുകളും സൂര്യകുമാർ യാദവിന് സ്വായത്തമാണെന്നും പാർനൽ പറയുന്നു.
കഴിഞ്ഞകാലങ്ങളിൽ തന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയ ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ് എന്നത് പാർണൽ സമ്മതിക്കുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യ്ക്ക് മുൻപാണ് പാർണൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ” വ്യക്തിപരമായി പറഞ്ഞാൽ കഴിഞ്ഞ രണ്ട് മാസങ്ങളായി ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു ട്വന്റി20 ബാറ്ററാണ് സൂര്യകുമാർ യാദവ്.
അയാൾ 360 ഡിഗ്രിയിൽ സ്കോർ ചെയ്യുന്നതിനാൽ ബോളർമാരെ സംബന്ധിച്ച് നല്ല ബുദ്ധിമുട്ടാണ്. “- പാർണൽ പറയുന്നു. “അയാൾ എല്ലാ ബോളിലും ശക്തമായും പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് കളിക്കുന്നത്. നല്ല ഷോട്ടുകളാണ് കളിക്കാറ്. ചിലസമയങ്ങളിൽ ഭാഗ്യവും സൂര്യയെ പിന്തുണക്കാറുണ്ട്. കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ സൂര്യകുമാറിന്റെ ബാറ്റിംഗ് ഞാൻ അങ്ങേയറ്റം ആസ്വദിച്ചിട്ടുണ്ട്.
അയാൾ നന്നായി കളിക്കുന്നു.”- പാർണൽ കൂട്ടിച്ചേർക്കുന്നു. ഇതുവരെ ഇന്ത്യക്കായി 32 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 976 റൺസാണ് സൂര്യകുമാർ നേടിയിട്ടുള്ളത്. 39 റൺസാണ് സൂര്യകുമാറിന്റെ ശരാശരി. ഏഷ്യകപ്പിനുശേഷം ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച പ്രകടനങ്ങൾ തന്നെയാണ് സൂര്യകുമാർ കാഴ്ചവയ്ക്കുന്നത്.