ഗെയിൽ എന്നും ലോകക്രിക്കറ്റിലെ ബോളർമാർക്ക് പേടിസ്വപ്നം തന്നെയാണ്. വലിയ ഇന്നോവേറ്റീവ് ഷോട്ടുകൾ ഒന്നുംതന്നെയില്ലാതെ ബോളർമാരെ മൈതാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അടിച്ചുതൂക്കാനുള്ള ഗെയിലിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. എന്നാൽ കാലക്രമേണ ഗെയിലിന്റെ ഈ ഹിറ്റിങ് സ്കിൽ നശിച്ചുപോകുന്നുണ്ടോ എന്നത് സംശയമുണ്ടാക്കിയിരുന്നു. കഴിഞ്ഞകാലങ്ങളിൽ ഓർത്തുവയ്ക്കാൻ പാകത്തിനുള്ള ഇന്നിംഗ്സുകൾ ഗെയ്ലിൽ നിന്ന് ഉണ്ടാകാതിരുന്നതായിരുന്നു ഇതിന് കാരണം. എന്നാൽ ബോസ് എന്നും ബോസ്സ് തന്നെയാണ് എന്ന് വിളിച്ചോതുന്ന ഒരു ഇന്നിങ്സാണ് ഗെയിൽ ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ കാഴ്ചവച്ചത്.
ലെജൻഡ്സ് ലീഗിൽ ഭിൽവാര ടീമിനെതിരായ മത്സരത്തിലാണ് ഗെയിൽ അടിച്ചുതൂക്കിയത്. ഓപ്പണറായി ഇറങ്ങിയ ഗെയ്ൽ ശ്രീശാന്തും യൂസഫ് പത്താനുമടങ്ങുന്ന ബോളിംഗ് നിരയെ അടിച്ചുതൂക്കുകയായിരുന്നു. മത്സരത്തിൽ 40 പന്തുകളിൽ നിന്ന് 68 റൺസ് ഗെയ്ൽ നേടുകയുണ്ടായി. ഈ ഇന്നിങ്സിൽ 9 ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടു. ഗുജറാത്ത് ടീമിനെ 186 എന്ന വമ്പൻ സ്കോർലെത്തിക്കാൻ ഗെയ്ലിന്റെ ഈ വമ്പൻ ഇന്നിങ്സിന് സാധിച്ചു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻസ് ഗെയിലിന്റെ ബലത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗെയിലിനു ശേഷം മധ്യനിരയിൽ യഷ്പാൽ സിങ്ങും അടിച്ചു തകർത്തതോടെ ഗുജറാത്ത് മെച്ചപ്പെട്ട നിലയിലെത്തി. ഭിൽവാര ടീമിനായി യൂസഫ് പത്താൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എന്നിരുന്നാലും ശ്രീശാന്ത് അടക്കമുള്ള ബോളർമാർ നന്നായി തല്ലുകൊണ്ടു.
ഭിൽവാര ടീമിന്റെ മറുപടി ബാറ്റിങ്ങിൽ വാൻ വിക്കും(26) പോർട്ടർഫീൽഡും(40) മികച്ച തുടക്കം നൽകി. എന്നാൽ വാട്സൺ പെട്ടെന്ന് തന്നെ കൂടാരം കയറി. പക്ഷേ പത്താൻ സഹോദരങ്ങൾ ഭിൽവാരയുടെ ശക്തിയായി. യൂസഫ് പത്താൻ 18 പന്തുകളിൽ 39 റൺസ് നേടിയപ്പോൾ, ഇർഫാൻ പത്താൻ 14 പന്തുകളിൽ 26 റൺസ് നേടി. കൂടാതെ 39 റൺസ് നേടിയ ജെസൺ കരിയ കൂടി ചേർന്നതോടെ മത്സരത്തിൽ ഭിൽവര 5 വിക്കറ്റിന് വിജയം കണ്ടു.