ലോകകപ്പിന് മുമ്പ് ബുമ്രയ്ക്ക് പരിക്കുപറ്റിയതോടെ ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആരാധകരടക്കം പലരും ബുംറയുടെ പരിക്കിനെ ഐപിഎല്ലുമായി ബന്ധിപ്പിക്കുകയാണ്. ഐപിഎല്ലിൽ കൃത്യമായി കളിക്കുന്ന ബുമ്ര ഇന്ത്യൻ ടീമിൽ എത്തുമ്പോൾ പരിക്കുപറ്റുന്നതിനെ സംബന്ധിച്ചാണ് ആരാധകരുടെ ചോദ്യം. ബുമ്രയ്ക്ക് ഇന്ത്യൻ ടീമിനോടുള്ള ആത്മാർത്ഥതയാണ് ഈ ചോദ്യത്തിലൂടെ ചർച്ചചെയ്യപ്പെടുന്നത്. ഇതിനൊക്കെയുള്ള ഉത്തരവുമായി മുൻപിലേക്ക് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഡോഡാ ഗണേഷ്.
ബുമ്രയുടെ ദേശീയ ടീമിനോടുള്ള ആത്മാർത്ഥത ആരാധകർ ചോദ്യം ചെയ്യേണ്ട ആവശ്യമേ വരുന്നില്ല എന്നാണ് ഗണേശ് പറയുന്നത്. ബുമ്രയുടെയും ജഡേജയുടെയും പരിക്കുകൾ നിർഭാഗ്യത്താൽ സംഭവിച്ചതാണെന്നും ആരും തന്നെ പരിക്കുകൾ പ്ലാൻ ചെയ്ത് ഉണ്ടാക്കാറില്ല എന്നുമാണ് ഗണേഷ് തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെ ഇതിനു മറുപടി നൽകിയത്. ഇതുവരെ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിരുന്ന ക്രിക്കറ്റർ ആയിരുന്നതിനാൽതന്നെ ബുമ്രയുടെ ആത്മാർത്ഥതയെ സംബന്ധിച്ച് മറ്റാർക്കും സംശയമില്ല എന്ന പക്ഷത്താണ് ഗണേഷ്.
“ഈ പറയുന്ന ആരാധകർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ആരും വലിയ പ്ലാനുകൾ രൂപീകരിച്ച് പരിക്കുകൾ ഉണ്ടാക്കാറില്ല. നമുക്ക് ലോകകപ്പിലേക്ക് ബുമ്രയുടെയും രവീന്ദ്ര ജഡേജയുടെയും സേവനം ലഭിക്കാത്തത് തീർത്തും നിർഭാഗ്യകരമാണ്. എന്നാൽ അതിനെ മറ്റൊരു തരത്തിലാണ് പല ആരാധകരും കാണുന്നത്. ഐപിഎൽ സമയത്ത് മാത്രം ഇവർ ഫിറ്റ്നസോടെ കളിക്കും എന്നുള്ള വിമർശനങ്ങളോക്കെ തീർത്തും ബാലിശമാണ്. നമ്മൾ നമ്മളുടെ കളിക്കാരെ കുറച്ചുകൂടി ബഹുമാനിക്കേണ്ടതുണ്ട്.”- ഗണേഷ് പറയുന്നു.
ഏഷ്യാകപ്പിനിടയായിരുന്നു ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പരിക്ക് പറ്റിയത്. എന്നാൽ ബുമ്രയ്ക്ക് മുൻപ് പരിക്ക് പറ്റുകയും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെ ടീമിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. പക്ഷേ വീണ്ടും പരിക്കുപറ്റിയതോടെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതയെപോലും ഇത് ബാധിച്ചിട്ടുണ്ട്.