ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണ് ജസ്പ്രീത് ബുംറയുടെ പരിക്ക്. പരിക്കുമൂലം ഏറെ നാളുകളായി ഇന്ത്യൻ ടീമിൽ കളിക്കാതിരുന്ന ബുമ്ര ഓസിസിനെതിരായ പരമ്പരയിലായിരുന്നു തിരിച്ചുവന്നത്. എന്നാൽ വീണ്ടും ബുംറയെ പരിക്കു പിടികൂടുന്നതാണ് കണ്ടത്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പ്രധാന ബോളറാകേണ്ടിയിരുന്ന ബുമ്രയുടെ പരിക്ക് നിരാശ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ബുമ്രയ്ക്ക് പകരം ഇന്ത്യ ട്വന്റി20 സ്ക്വാഡിൽ ദീപക് ചാഹറിനെ ഉൾപ്പെടുത്തണമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സാബാ കരീം പറയുന്നത്.
മുമ്പ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20കളിൽ നിന്നും ബുമ്ര വിട്ടുനിന്നിരുന്നു. അതിന് പിന്നാലെയാണ് ലോകകപ്പിൽ നിന്നും ബുമ്ര പോകുന്നത്. “ബുമ്രയ്ക്ക് ഫിറ്റ്നസ് ഇല്ലാത്തപക്ഷം ദീപക് ചാഹറിനെയാണ് ഇന്ത്യ ലോകകപ്പിൽ പരിഗണിക്കേണ്ടത്. കാരണം അയാൾ റിസർവ് കളിക്കാരുടെ പട്ടികയിൽ ഉള്ള ആളാണ്. “- സാബാ കരീം ഇന്ത്യ ന്യൂസിനോട് പറഞ്ഞു. ഇതിനോടൊപ്പം ലോകകപ്പിനുള്ള മുഴുവൻ സ്‌ക്വാഡ് അംഗങ്ങൾക്കും വരുന്ന മത്സരങ്ങളിൽ അവസരം നൽകണമെന്നും കരീം പറയുന്നു.
“നമ്മൾ വലിയ ടൂർണമെന്റുകളുടെ സമ്മർദ്ദത്തിനോട് പൊരുതി മത്സരിക്കുന്ന ക്രിക്കറ്റർമാരെ കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സ്‌ക്വാഡിലെ മുഴുവൻ അംഗങ്ങളെയും വരും മത്സരത്തിൽ കളിപ്പിക്കണം. കാരണം ആർക്കാണ് ഇനി പരിക്ക് ഉണ്ടാവാൻ പോകുന്നതെന്ന് പറയാനാവില്ല. അതുകൊണ്ടുതന്നെ നിലവിൽ അർഷദീപ് സിംഗിംനും ദീപക് ചാഹറിനും അവസരങ്ങൾ നൽകുന്നത് ഉത്തമമാണ്.”- കരീം പറയുന്നു.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ വമ്പൻ പ്രകടനമായിരുന്നു അർഷാദീപ് സിങ്ങും ദീപക് ചാഹറും കാഴ്ചവെച്ചത്. മത്സരത്തിൽ ഇരുവരും ചേർന്ന് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിക്കുന്നതാണ് കാണാനായത്. ബുമ്രയുടെയും ഭൂവനേശ്വർ കുമാറിന്റെയും അഭാവത്തിലായിരുന്നു ഇരുവരും ബോൾ ചെയ്തത്. മത്സരത്തിൽ അർഷദീപ് മൂന്നും ചാഹർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. വരാനിരിക്കുന്ന മത്സരങ്ങളിലും ഇരുവരും ഇത്തരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.